അസ്വാതന്ത്ര്യമാണ് പ്രമേയം, ‘അക്കിലസിന് ‘ പ്രേക്ഷക പ്രശംസ

Cinema

എം കെ രാമദാസ്

തിരുവനന്തപുരം: രാജ്യാന്തര ചലചിത്ര മേളയുടെ മുന്‍ പതിപ്പുകളില്‍ പ്രേക്ഷകര്‍കരില്‍ ഓളം സൃഷ്ടിച്ച ഇറാനിയന്‍ സിനിമകളുടെ ഗണത്തിലേയ്ക്ക് മറ്റൊരു സിനിമ കൂടി. അന്താരാഷ്ട്ര മത്സരയിനത്തില്‍ പ്രദര്‍ശിപ്പിച്ച അക്കിലസാണ് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് അര്‍ഹമായത്. ഫര്‍ഹാസ് ഡെലാറം സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്തും അദ്ദേഹമാണ്.

അക്കിലസിലെ ഒരു രംഗം

ഇറാനിലെ മനുഷ്യരുടെ വ്യക്തിജീവിതം എത്രമേല്‍ സ്വാതന്ത്ര്യ രഹിതമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ് അക്കിലസ് . ടെഹ്‌റാനിലെ ഒരാതുരാലയത്തിലെ റേഡിയോളജിസ്റ്റുകൂടിയായ നായക കഥാപാത്രം അവിടെ കണ്ടുമുട്ടുന്ന മനോരോഗ ബാധിതയായ ഒരു യുവതിയെ സഹായിക്കാന്‍ നിശ്ചയിക്കുന്നു. തടവറയില്‍ നിന്നാണ് അവള്‍ അവിടെയെത്തുന്നത്. മകളെ നഷ്ടപ്പെട്ട ഒരമ്മ കൂടിയാണവള്‍. ആശുപത്രിയിലെ മനോരോഗ വിഭാഗത്തിലുള്ള മറ്റു ചിലരും അധികൃതരുടെ നിരീക്ഷണത്തിലുണ്ട്.

മറ്റൊരു രംഗം

നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന വൃദ്ധയ്ക്കും മകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിശദമായ കഥനത്തിനൊന്നും കഥാപാത്രങ്ങള്‍ തയ്യാറാവുന്നില്ല. യുവതിയോടൊപ്പം സ്വന്തം വാഹനത്തില്‍ ആശുപത്രിയ്ക്കുപുറത്തു വരുന്ന നായക കഥാപാത്രം അയാള്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് വിട പറയുകയും ചെയ്യുന്നു. ഇരുവരുടെയും സഞ്ചാരം ടെഹ്‌റാന്‍ നഗരത്തില്‍ നിന്നും സുന്ദരമായ ഭൂപ്രദേശങ്ങള്‍ പിന്നിട്ടാണ് അവസാനിക്കുന്നത്. അവളുടെ നഷ്ടപ്പെട്ടുവെന്നു കരുതിയ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമം വിജയിക്കുന്നുണ്ട്.

മറ്റൊരു ദൃശ്യം

ഈ സന്തോഷം പങ്കുവെയ്ക്കാനായി കേക്കുമായി യുവാവ് തിരികെയെത്തുമ്പോള്‍ അവളെ കാണുന്നില്ല. അവള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍ അകപ്പെട്ടുവെന്ന് മനസ്സിലാക്കുന്ന നായകന്റെ പ്രതികരണമാണ് ചിത്രാന്ത്യം. ചുമരുകള്‍ തകര്‍ക്കാനുള്ള അയാളുടെ ഉദ്യമമാണത്. ഒടുവില്‍ അല്പാല്പമായി തകരുന്ന ചുമരില്‍ എഴുത്തുകള്‍ തെളിഞ്ഞു വരുന്നു. വീര്‍പ്പടക്കിയ കാണികള്‍ അസ്വാതന്ത്ര്യത്തിന്റെ ദുഃഖം ഏറ്റുവാങ്ങുന്നു.