മരണത്തിന് അമ്മയില്ല, ഗര്‍ഭപാത്രം പോലെ മരണപാത്രമില്ല

Articles

ചിന്ത / എ പ്രതാപന്‍

‘കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന് നാം വൃഥാ? …..’,

എം.എസ്.സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍
പൂന്താനത്തിന്റെ ഈ വരികള്‍
കേള്‍ക്കുന്നത് എനിക്ക് വലിയ ഇഷ്ടം,
ആ മധ്യേയുള്ള മത്സരമാണ് ജീവിതം എന്ന് അറിയുമ്പോളും , അനുഭവിക്കുമ്പോളും.

പിന്നെ ഓര്‍ക്കുമ്പോള്‍ അറിയുന്നുണ്ട്,
പിറക്കുന്ന നേരത്തും
കൂടെയുണ്ട് പലതുമെന്ന്.
ജനനങ്ങളോടൊപ്പമുള്ള ഒരു ജനനി ,
അവരുടെ ഗര്‍ഭപാത്രത്തില്‍
പിള്ളയോടൊപ്പമുള്ള
ഒരു മറുപിള്ള (ുഹമരലിമേ) ,
കുഞ്ഞിന് പ്രാണവായുവും പോഷകങ്ങളും നല്‍കി ,
വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്ത് ,
ഈ ലോകത്തിന്റെ തീരമണയാന്‍ കുഞ്ഞോ , അല്ലെങ്കില്‍ കുഞ്ഞിനെയോ, തുഴയുന്ന ഒരു തോണി.

പക്ഷേ മരണത്തിന് അമ്മയില്ല.
ഗര്‍ഭപാത്രം പോലെ ഒരു
മരണപാത്രമില്ല.
അപ്പോള്‍ പിരിയുന്ന നേരത്ത്
ഒന്നും കൂടെയില്ലേ?

ജോണ്‍ ബെര്‍ജര്‍ എഴുതി ,

“The past grows gradually around one, like a placenta for dying.”

ഭൂതകാലം നമുക്ക് ചുറ്റും
സാവകാശം വളരുന്നുണ്ട് ,
മരിക്കാനുള്ള ഒരു മറുപിള്ള പോലെ.

മരിക്കുന്നവര്‍
ഭൂതകാലത്തിന്റെ മറുപിള്ളയോടൊപ്പം
മരിക്കുന്നു ,
ഓര്‍മ്മകളുടെ പ്രാണവായുവില്‍,

ചിലപ്പോള്‍ മറവിയുടെയും .