കൗപീനത്തിലെ കാമ്പസ് രാഷ്ട്രീയം

Articles

വിപൽ സന്ദേശം / സിആർ പരമേശ്വരൻ

പൊതുവെ മരണങ്ങൾ ചലിപ്പിക്കാത്ത എന്റെ മനസ്സിലിരുന്ന് ആ പയ്യൻ വിങ്ങുന്നു.
കൗപീനത്തിലെ കാമ്പസ് രാഷ്ട്രീയം. 1965 മുതലുള്ള ഓർമ്മകളുണ്ട്. അന്ന് ഈ നശിച്ച സാധനത്തിന്റെ പേര് കെ.എസ്.എഫ്. എന്നായിരുന്നു. അന്ന് ഇന്നത്തെ കാരണഭൂതൻ അതിന്റെ ആർഷോ ആയിരുന്നു. ശതമാനത്തിൽ പറഞ്ഞാൽ ടാറ്റയോ അംബാനിയോ അദാനിയോ ഉണ്ടാക്കാത്ത കൊള്ളലാഭം അയാൾ അന്നു തുടങ്ങിയ സംരംഭത്തിൽ നിന്ന് ജീവിതത്തിൽ ഉണ്ടാക്കി. ഫിലിപ്പ്. എം പ്രസാദുമായി മത്സരിച്ച് ഇയാൾ ജയിക്കുകയോ തോൽക്കുകയോ ചെയ്തത് ഓർമ്മയുണ്ട്. ഫിലിപ്പ് പിന്നെ നക്സലൈറ്റ് ആയി.

ഈ **ന്മാർ ( മഹാന്മാർ എന്നു വായിക്കുക ) നടപ്പാക്കിയിട്ടുള്ള ഏക സോദ്ദേശ സമരം പണ്ടൊക്കെയുള്ള വർദ്ധിപ്പിച്ച ബസ് കൂലിക്കെതിരെ ഉള്ളതാണ്. മറ്റുള്ളതെല്ലാം കൂത്തുപറമ്പ് രക്തസാക്ഷികളെയും പുഷ്പനെയും സൃഷ്ടിച്ച് ഇവർ വഞ്ചിച്ച സമരങ്ങളാണ്. ബസ് കൂലി സമരങ്ങൾ ഒന്നും ഇപ്പോൾ ഇല്ല. ഉണ്ടെങ്കിൽ തന്നെ,അത് രാഷ്ട്രീയമില്ലാതെയും നടക്കും. ആഗോളവൽക്കരണത്തിനു ശേഷം അതിനൊന്നും പ്രസക്തിയില്ല.

കാമ്പസ് രാഷ്ട്രീയത്തിന്റെ ബാക്കി പത്രങ്ങളാണ് 2016 മുതലുള്ള പിണറായി മന്ത്രിസഭകൾ. അന്നു മുതൽ കേരളത്തിൽ ഉള്ളത്, മുൻ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിൽ നിന്ന് ഭിന്നമായി,തൊഴിലാളി സ്പർശമില്ലാത്ത, കർഷകത്തൊഴിലാളി സ്പർശമില്ലാത്ത ഏമ്പോക്കി എസ്എഫ്ഐ മന്ത്രിസഭകളാണ് . സ്ത്രീകളെയൊക്കെ പുലഭ്യം പറയുന്ന ഒരു ആഭാസനായ മണിയാശാനെ ഒഴിച്ചാൽ അവയിൽ അംഗങ്ങൾ ആയിരുന്നത് മുഴുവൻ എസ്.എഫ്.ഐ.ക്കാരാണ്.

100 ശതമാനവും കാമ്പസ് രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ മന്ത്രിസഭ. ക്രിമിനൽ പശ്ചാത്തലമോ മണ്ടൻ പശ്ചാത്തലമോ രണ്ടും കൂടെയോ ഇല്ലാത്ത ഒരുവനോ ഒരുത്തിയോ അതിൽ ഇല്ല എന്നാണ് ട്രോളുകൾ പറയുന്നത്. വസ്തുതകൾ പറയുന്നത് .
അതാണ് കൗപീനത്തിലെ കാമ്പസ് രാഷ്ട്രീയം എന്നു പറഞ്ഞത്.