കാലത്തിന്‍റെ മാറിയ ബോധ്യമാണ് പുതിയ ചലച്ചിത്രത്തിന്‍റെ പ്രമേയം, സനൂസി

Cinema

തിരുവനന്തപുരം: മാറുന്ന കാലത്തെ ചുറ്റിപ്പറ്റി ആയിരിക്കും തന്റെ അടുത്ത ചലച്ചിത്രമെന്ന് വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസി. എന്റെ മനസ്സിലുള്ള പ്രമേയം കാലത്തെ കുറിച്ചുള്ളതാണ്.
കാലത്തെക്കുറിച്ചുള്ള ബോധ്യം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബുദ്ധി പറയുന്നതുപോലെ സമയം എന്നത് തീര്‍പ്പായ സംഗതിയല്ല, മറിച്ചു ആപേക്ഷികമാണ്. പ്രപഞ്ചത്തിന് ഭാവിയുണ്ടെന്ന് ക്വാണ്ടം ഫിസിക്‌സ് പറയുന്നു.

ഭാവിയെക്കുറിച്ച് എന്തെങ്കിലും ഉള്‍വിളിയോ ധാരണയോ ഉള്ള ഏതെങ്കിലും വ്യക്തി ചിലപ്പോള്‍ കാണുമായിരിക്കും. നാം കരുതിയതിനേക്കാള്‍ നിഗൂഢമാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ നിഗൂഢത അംഗീകരിക്കുന്നവരാണ് ഇന്നത്തെ പുരോഗമന മനുഷ്യര്‍. കാലവും ജീവിതവും ഉള്‍ക്കൊള്ളുന്ന നിഗൂഢതയുടെ അംശങ്ങള്‍ പേറുന്ന പ്രമേയമാണ് മനസ്സിലുള്ളത്. 28ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിനം മാസ്റ്റര്‍ ക്ലാസ്സ് സെഷനില്‍ സംസാരിക്കവേ, 40 ലേറെ ഫീച്ചര്‍, ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്ത 84കാരനായ സനൂസി പറഞ്ഞു.

സ്‌നേഹമില്ലാതെ ജീവിതത്തിന് ഒരു സാധ്യതയുമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കഥ പറച്ചില്‍. ഇതില്‍ മാനവികതയുണ്ട്. മൃഗങ്ങള്‍ക്ക് അവരുടെ അപ്പൂപ്പന്‍മാരുടെയോ അമ്മൂമ്മമാരുടെയോ കഥകള്‍ പറയാന്‍ കഴിയില്ല. മനുഷ്യര്‍ക്കേ സാധിക്കുകയുള്ളു. നാടകീയ രീതിയില്‍ പറയാനായി കഥകള്‍ ശേഖരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതീവ രസകരങ്ങളായ സംഭവങ്ങളും നാടകീയതയും ഉദ്ദ്വേഗങ്ങളും ഉള്ള കഥ തെരഞ്ഞെടുക്കണം. ഒരു കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടാന്‍ ഉറച്ചുകഴിഞ്ഞാല്‍ അതില്‍ കഥയില്ല. അയാള്‍ ചാടുക തന്നെ ചെയ്യും. എന്നാല്‍ ചാടണോ വേണ്ടയോ എന്ന ആശയകുഴപ്പമുള്ള യാള്‍ ഒരു കഥയാണ്, സനൂസി വിശദീകരിച്ചു.

എല്ലാ മതങ്ങളും അവരുടെ ആദര്‍ശങ്ങള്‍ മലിനപ്പെടുത്താറുണ്ട്. മനുഷ്യരാകട്ടെ പവിത്രത കളങ്കപ്പെടുത്താന്‍ കഴിയുന്നവരുമാണ്. കാലാന്തരത്തില്‍ ചില മതങ്ങള്‍ മൃതിയടയും. മതങ്ങളില്‍ ദൈവീകത ഉള്ള കാലത്തോളം അവ അതിജീവിക്കുമെന്നാണ് ഞാന്‍ കരുതുന്നത്അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന്റെ അസ്തിത്വത്തെ ക്കുറിച്ചുള്ള ചോദ്യത്തിന് ദൈവമുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ ആ രീതിയിലുള്ള എന്തോ ഒന്ന്, ആരോ ഒന്ന് ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു എന്നായിരുന്നു സനൂസിയുടെ മറുപടി. അതെനിക്ക് തെളിയിക്കാനാവില്ല.

ഒരു മതവും പൂര്‍ണ്ണമല്ല. എന്നാല്‍ എല്ലാ മതങ്ങളിലും ദൈവീകതയുടെ ഒരു സ്പര്‍ശം ഉണ്ടെന്ന് തോന്നാറുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിയറ്റര്‍ പശ്ചാത്തലം അഭിനേതാവിന് മികച്ച ഗുണം ചെയ്യും. ചിലരുടെ സവിശേഷതയാര്‍ന്ന വ്യക്തിപ്രഭാവം സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. മറ്റുള്ള ആളുകള്‍ക്ക് സാധിക്കാത്ത നടനഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ യഥാര്‍ത്ഥ ജോലി.

എന്താണ് നല്ല സിനിമ എന്ന ചോദ്യത്തിന് ക്രിസ്‌റ്റോഫ് സനൂസിയുടെ ഉത്തരം ഇപ്രകാരമായിരുന്നു, സിനിമ എന്നല്ല ഏത് കലാരൂപവും ആകട്ടെ, ആസ്വദിച്ച് കഴിഞ്ഞശേഷം പ്രേക്ഷകരുടെ, ആസ്വാദകന്റെ ഉള്ളിലെ മനുഷ്യത്വത്തെ എന്തെങ്കിലും രീതിയില്‍ ഉയര്‍ത്താന്‍ സാധിച്ചുവെങ്കില്‍ ആ കല വിജയിച്ചു. മറിച്ച് മാനുഷികത ഇകഴ്ത്താനാണ് ഇടയാക്കിയതെങ്കില്‍ ആ കഥ വിഷമാണ്. സെഷനിടയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സനൂസിയുടെ ‘ദി പെര്‍ഫെക്ട് നമ്പര്‍’ എന്ന സിനിമയുടെ അല്‍പ്പം ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു.