ഖുദ്‌സിന്‍റെ മോചനത്തെ തള്ളിപ്പറയുന്നത് മുജാഹിദ് നിലപാടല്ല: കെ എന്‍ എം മര്‍കസുദഅവ

Kozhikode

കോഴിക്കോട്: ഖുദ്‌സിന്റെ മോചനം ഇസ്‌ലാമിക ലോകത്തിന്റെ അടങ്ങാത്ത ആഗ്രഹമാണെന്നിരിക്കെ ഇസ്രയേല്‍ സംഘ്പരിവാര്‍ പ്രചാരണത്തെ സത്യപ്പെടുത്തി ഫലസ്തീന്‍ പോരാളികളെ അധിക്ഷേപിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമുള്ളവരല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സങ്കുചിത സംഘടനാ താല്‍പര്യത്തിനടിമപ്പെട്ട് ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ധീരമായി പൊരുതുന്ന ഹമാസ് സ്വാതന്ത്ര്യ പോരാളികളെ ഭീകരരും ഇസ്‌ലാം വിരുദ്ധരുമായി അപഹസിക്കുന്നതും അധിക്ഷേപിക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ സ്‌റ്റേജ് കെട്ടി ഇസ്രയേലിന് ഓശാന പാടുകയും ഫലസ്തീനികളെ അധിക്ഷേപിക്കുകയും ചെയ്യുന്ന നവയാഥാസ്ഥിതികര്‍ മുജാഹിദ് പ്രസ്ഥാനത്തെയാണ് പരിഹാസ്യമാക്കുന്നത്. ഇത് അവസാനിപ്പിക്കണം.

ജനിച്ച മണ്ണില്‍ ജീവിക്കാനായി പൊരുതി മരിക്കുന്ന ഫലസ്തീന്‍ മക്കളെ സുന്നിശിയാ പേരു പറഞ്ഞ് ശത്രുപക്ഷത്ത് നിറുത്തുന്നവര്‍ ഫലസ്തീന്‍ ഇസ്രയേല്‍ പോരാട്ടത്തിന്റെ ചരിത്രമറിയാത്തവരാണ്. രാഷ്ട്രങ്ങള്‍ തമ്മമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ആദര്‍ശ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്ത് ഇസ്രയേലിനെ ശരിവെക്കുകയും ഫലസ്തീനികളെ തള്ളിപ്പറയുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിക ലോകത്തിന്റെ വികാരത്തെയാണ് പുച്ഛിക്കുന്നത്.

കെ എന്‍ എം മര്‍കസുദ്ദഅവ വൈസ് പ്രസിഡണ്ട് കെ പി അബ്ദുറഹിമാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സി മമ്മു കോട്ടക്കല്‍, പ്രൊഫ.കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം, ഡോ.ജാബിര്‍ അമാനി, എം ടി മനാഫ് മാസ്റ്റര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, പി പി ഖാലിദ്, പി അബ്ദുസ്സലാം മദനി, കെ പി അബ്ദുറഹിമാന്‍ ഖുബ, ബി പി എ ഗഫൂര്‍, ഡോ.അനസ് കടലുണ്ടി, കെ സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.