കരിങ്കൊടി വീശല്‍ കുറ്റകൃത്യമല്ല, പ്രതിഷേധിക്കുന്നവരെ തല്ലിച്ചതക്കുന്നത് അധികാര പ്രമത്തതയാണ്, ഭീരുത്വമാണ്

Articles

നിരീക്ഷണം / ഡോ: ആസാദ്

കരിങ്കൊടി കാണിക്കല്‍ ഒരു സമര രീതിയാണ്. അത് സമാധാനപരമായി നിര്‍വ്വഹിക്കാവുന്നതേയുള്ളു. സമര വീറില്‍ ഒന്നു മുന്നോട്ടാഞ്ഞാല്‍ പൊലീസിനു തടയുകയുമാവാം. എന്നാല്‍ കരിങ്കൊടി വീശല്‍ കുറ്റകൃത്യമായി കാണുന്നത് ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുന്നത് അധികാരപ്രമത്തതയുടെ ലക്ഷണമാണ്. ഭീരുത്വമാണ്.

സര്‍ക്കാറുകള്‍ മാറിവരും. സുരക്ഷാ സേനയോ പൊലീസോ മാറുന്നില്ല. എന്നാല്‍ എല്ലുറപ്പുള്ള ഭരണമാണെങ്കില്‍ സേനകളെ നിയന്ത്രിച്ചു നിര്‍ത്താനാകും. പൊലീസ് തൊഴില്‍ സമരങ്ങളില്‍ ഇടപെടരുതെന്നോ വിദ്യാലയങ്ങളില്‍ പ്രവേശിക്കരുതെന്നോ പറയാന്‍ പ്രാപ്തി കാണിച്ച സര്‍ക്കാറായിരുന്നു ഇ കെ നായനാരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. പ്രതിഷേധങ്ങളെ തല്ലി ഒതുക്കുകയല്ല, സമരം സമാധാനപരമാണെന്ന് ഉറപ്പിക്കലും പരിഹാരം കാണലുമാണ് സര്‍ക്കാറിന്റെ ചുമതല.

പൊലീസ് സേനയെ സഹായിക്കാന്‍ എന്നവിധം ഗുണ്ടാസംഘങ്ങള്‍ ഇറങ്ങി അക്രമം അഴിച്ചുവിടുന്നത് കേരളത്തില്‍ പതിവില്ലാത്തതാണ്. നന്ദിഗ്രാം സമരകാലത്ത് ബംഗാളില്‍ അതു കണ്ടിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂവുടമകളുടെ സ്വകാര്യ സേനകള്‍ ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്നതും നമുക്ക് അറിയാം. നേതാവിനെയോ പാര്‍ട്ടിയെയോ ഭരണത്തെയോ രക്ഷിക്കാനുള്ള ചുമതല ചില ഗുണ്ടാ സംഘങ്ങള്‍ ഏറ്റെടുത്തതിന്റെ ഭാഗമായി രാജ്യത്തെമ്പാടുമായി കൊല ചെയ്യപ്പെട്ട എത്രയോ തൊഴിലാളി നേതാക്കളും വിദ്യാര്‍ത്ഥി നേതാക്കളുമുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ സംഘപരിവാരങ്ങളെ വെല്ലാന്‍ ഇത്തരം ദുഷ്ടതകളുടെ കാര്യത്തില്‍ മറ്റാരും ഉണ്ടാവുകയുമില്ല.

കേരളത്തിന്റെ ഇത്തിരിവട്ടത്തില്‍ അതേ പ്രവൃത്തിയുമായി സര്‍ക്കാര്‍വിലാസം സേവാസംഘങ്ങള്‍ ഇറങ്ങിത്തുടങ്ങിയത് കാണുന്നു. ആരെ രക്ഷിക്കാനാണോ അവരിറങ്ങിയത് അവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയാതെ വരും. നന്ദിഗ്രാമിനുശേഷം ബംഗാളില്‍ നടന്നത് എന്താണെന്ന് ഓര്‍ക്കണം. അഹന്തയും അധികാരപ്രമത്തതയും അക്രമവും ഭീഷണിയും പൗരസമൂഹം സഹിക്കില്ല. ഭയന്ന് ഒപ്പം നില്‍ക്കുന്നവര്‍ ആദ്യ അവസരത്തില്‍തന്നെ തള്ളിപ്പറയും. അധികാരകാലത്തെ പിന്തുണ കണ്ട് അര്‍മാദിച്ചാല്‍ വീഴ്ച്ചയുടെ ആഘാതം സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല.