നസീം ബീഗം
വര്‍ഷം ഓര്‍ക്കുന്നില്ല. കലാകൗമുദി വാരികയില്‍ ജോലി ചെയ്യുന്ന കാലം. ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ വന്ന പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിയെ അഭിമുഖം ചെയ്യുന്നു. അന്ന് പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ആപ്തവാക്യം പ്രചാരത്തില്‍ ഇല്ല.
രാത്രി പതിനൊന്നര വരെ കാത്തിരുന്നു ചെയ്ത ഇന്റര്‍വ്യൂ കമ്മ്യൂണിസത്തെ കുറിച്ചുള്ള ചോദ്യത്തോടെ ചൂടുപിടിച്ചു. മലയാളികള്‍ക്ക് യഥാര്‍ത്ഥ കമ്മ്യൂണിസമെന്തെന്ന് അറിയില്ല എന്ന് സനൂസി ശക്തമായി വാദിച്ചു.
അന്നത് സമ്മതിച്ചു കൊടുക്കാന്‍ അക്കാലത്തെ ഇടതുപക്ഷ മനോഭാവം അനുവദിച്ചില്ല എങ്കിലും ജോലിയും വ്യക്തിപരമായ ഇഷ്ടങ്ങളും വെവ്വേറെ നിര്‍ത്തണമെന്ന വാശി ഉള്ളതു കൊണ്ട് തര്‍ക്കിക്കാന്‍ പോയില്ല (Thanks to NRS Sir). പക്ഷെ അതു സ്‌റ്റോറിയുടെ തലക്കെട്ടാക്കി.
ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും മമതയില്ലാതെ കമ്മ്യൂണിസത്തിന്റെ കിരാതമായ വശം കാണേണ്ടി വന്ന കംബോഡിയയിലെ ആളുകള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ സനൂസി പറഞ്ഞത് നൂറു ശതമാനം ശരി എന്നു സമ്മതിക്കുന്നു.
മലയാളിയുടെ കമ്മ്യൂണിസം Made in India ആണ്. പോള്‍ പോട്ട് എന്ന കമ്മ്യൂണിസ്റ്റ് കംബോഡിയയെ പൂര്‍ണ്ണമായും ഒരു കാര്‍ഷിക സംവിധാനത്തിലേക്കു കൊണ്ടു വരാന്‍ വേണ്ടി നിര്‍ബന്ധിത കാര്‍ഷികവൃത്തിക്കായി സ്ത്രീകളെയും കുട്ടികളെയും അടക്കം ഹിറ്റ്‌ലറുടെ concetnration camp പോലെ തടങ്കലിലാക്കി. ഓരോരുത്തര്‍ക്കും ഓരോ പണി നല്കും. കൂലി ഇല്ല. ഭക്ഷണമെന്ന പേരില്‍ നമ്മുടെ കഞ്ഞിവെള്ളം.
ഇപ്പോള്‍ പലസ്തീനികളെ ഉന്മൂലനം ചെയ്യുന്ന നെതന്യാഹുവിനെ പോലെ, ജൂതരെ ഉന്മൂലനം ഹിറ്റ്‌ലറിനെ പോലെ ആയിരുന്നില്ല കംബോഡിയയില്‍ നടന്ന നരഹത്യ. സ്വന്തം നാട്ടുകാരെ ആണ് പോള്‍ പോട്ട് പ്രധാനമായും കൊന്നൊടുക്കിയത്. പ്രധാനമായും ലക്ഷ്യമിട്ടത് ചാം എന്ന മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ ആയിരുന്നു. അമേരിക്കയുടെ മുഷ്‌കും തെളിവിന്റെ അഭാവവും കാരണം ഒരു വിഭാഗത്തെ കൊന്നൊടുക്കുക എന്ന തന്ത്രം കൂടി പോള്‍ പോട്ട് നടപ്പാക്കി. അതൊരു വംശഹത്യ ആയിരുന്നു എന്ന് തെളിയിക്കാന്‍ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കാത്തതു കൊണ്ടാണ് മറ്റൊരു ഹോളൊകാസ്റ്റായി കംബോഡിയയിലെ സംഭവവികാസങ്ങള്‍ പരിണമിക്കാതെയിരുന്നത്.
ചം മുസ്ലിങ്ങളള്‍ക്കു പുറമേ തനതു കംബോഡിയക്കാരും പോള്‍പോട്ടിന് കണ്ണിലെ കരടായിരുന്നു. ഈ രണ്ടു കൂട്ടരും രാജ്യത്തെ ന്യൂനപക്ഷമായി ഇന്നും തുടരുന്നു.
ഭൂരിപക്ഷം വരുന്ന ശാന്തപ്രകൃതിക്കാരായ ബുദ്ധമതാനുയായികളെ അടിമത്തത്തില്‍ തളക്കുക അയാള്‍ക്ക് എളുപ്പമായിരുന്നു. തലവേദന സൃഷ്ടിക്കാന്‍ സാധ്യത ഉള്ള മറ്റൊരു കൂട്ടര്‍ എഴുത്തുകാരും കലാകാരരും. അവരെയും തിരഞ്ഞു പിടിച്ചു കൂട്ടക്കൊല ചെയ്തു. വിവാഹങ്ങള്‍ പാര്‍ട്ടി നിശ്ചയിച്ച പ്രകാരം. ഡാന്‍സ്, പാട്ട് ഒന്നും പാടില്ല. അന്ന് നിരോധിക്കപ്പെട്ട അപ്‌സര നൃത്തരൂപം ഇന്ന് ഇവിടത്തെ പരിപാടികളിലെ പ്രധാനസവിശേഷത.
വിയറ്റ്‌നാമിലെ ഇടതുപക്ഷ സഖാക്കളെ അകറ്റിനിര്‍ത്താന്‍ എന്ന വ്യാജേന വീടുവീടാന്തരം കയറി പതിനഞ്ച് വയസ്സു മുതലുള്ള ആണ്‍കുട്ടികളെ പിടികൂടി പരിശീലനം നല്കി സായുധ സേന ഉണ്ടാക്കിക്കൊണ്ടുള്ള തുടക്കമാണ് പില്‍ക്കാലത്ത് കൂട്ട നരഹത്യയിലേക്ക് നയിക്കുന്നത്.
അന്നത്തെ ഒളിപ്പോരാളികളില്‍ ഒരാള്‍ നല്കിയ വിവരങ്ങളില്‍ നിന്നാണ് എന്റെ അനുമാനങ്ങള്‍ ശരി എന്നു മനസ്സിലാക്കുന്നത്. സ്വന്തം നാട്ടുകാരെയാണല്ലോ കൊല്ലുന്നത് എന്നു മനസ്സിലാക്കിയ ആ വ്യക്തി പിന്നീട് പത്രപ്രവര്‍ത്തകനായി.
പോള്‍ പോട്ടിന്റെ നരനായാട്ടിന് ചുക്കാന്‍പിടിച്ച പിടിച്ച ഒരു സ്ത്രീയടക്കം എല്ലാവരും ഫ്രാന്‍സില്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ അഞ്ചുപേരില്‍ ഒരാള്‍ മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളൂ.
സനൂസി, എനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് പോലെ, മലയാളികള്‍ / ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളല്ല. അതില്‍ അഭിമാനിക്കുക. ശരിയായ ഇടതുപക്ഷ ചിന്താഗതിക്കാര്‍ പോലുമല്ല. ഇപ്പോള്‍ സനൂസി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയിരിക്കുന്നു. നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ പഴയ അഭിമുഖത്തിന്റെ തുടര്‍ച്ചയാകാമായിരുന്നു.
(രാജ്യാന്തര പ്രശസ്തയായ മലയാളി മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് നസീം ബീഗം )