സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Kerala

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇയാള്‍. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ കണ്ണൂര്‍ പാനൂരില്‍ കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പാനൂര്‍ പാലക്കണ്ടി സ്വദേശിയായ എണ്‍പതുകാരനാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.