വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം, ദമ്പതികളടക്കം നാലുപേര്‍ അറസ്റ്റില്‍

Crime

ബംഗളുരു: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ദമ്പതികളടക്കം നാലുപേര്‍ പൊലീസിന്റെ പിടിയില്‍. സംഘത്തിലെ ഒരാള്‍ സ്വന്തം ഭാര്യയെ വിധവയാക്കി പരിചയപ്പെടുത്തി വ്യവസായിക്ക് പരിചപ്പെടുത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. ഖലീം, ഭാര്യ സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്.

ഖലീം തന്റെ ഭാര്യ സബയെ വിധവയായ സ്ത്രീയാണെന്നു പറഞ്ഞ് വ്യവസായി അദിയുല്ലയെ പരിചയപ്പെടുത്തുകയും കൂടെ നിര്‍ത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സബ, അദിയുല്ലയുമായി അടുത്തു. ആര്‍ ആര്‍ നഗര്‍ പ്രദേശത്തെ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡുമായി എത്താനും അദിയുല്ലയോട് സബ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ അദിയുല്ലയെ പ്രതികള്‍ ഒരുമിച്ചു പൂട്ടിയിടുകയും വിവരം പുറത്തുപറയാതിരിക്കാന്‍ ആറു ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.

ഭീഷണി തര്‍ക്കത്തിലേക്കു നീങ്ങിയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ ക്രൈംബ്രാഞ്ച് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. സിസിബി പൊലീസ് എത്തി പ്രതികളെ കയ്യോടെ പിടികൂടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികള്‍ ഇതിനു മുന്‍പും ഹണിട്രാപ്പ്, കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരു സെന്‍ട്രല്‍ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്‌പെഷല്‍ വിങ്‌സ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഖലീമും സബയും നേതൃത്വം നല്‍കുന്ന തട്ടിപ്പു സംഘം കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി സംശയമുണ്ടെന്നും അത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.