തിരുവനന്തപുരം: ചിക്കന്‍ കറിയുടെ അളവ് കുറഞ്ഞതിനാല്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. വര്‍ക്കലയിലാണ് സംഭവം. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് ചിക്കന്‍ കറി നല്‍കിയപ്പോള്‍ കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ആക്രമണം.
വര്‍ക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തില്‍ തലയ്ക്ക് വെട്ടുകൊണ്ടത്. ഇയാള്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. വര്‍ക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി വര്‍ക്കല പൊലീസ് അറിയിച്ചു.