നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ യുവതിക്ക് ജീവപര്യന്തം

Crime

കൊല്ലം: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും. പുത്തൂര്‍ കാരിക്കല്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്പിളി(29)ക്കാണ് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രില്‍ 17നാണ് കൊല്ലം പവിത്രേശ്വരം ഗുരുനാഥന്‍നട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തില്‍ തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ മുറിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. പ്രദേശവാസികളുടെയും ആശാവര്‍ക്കറുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അമ്പിളി അറസ്റ്റിലായത്.