കമ്പളത്ത് അനുസ്മരണം ഡിസംബര്‍ 23ന്

Malappuram

കൊണ്ടോട്ടി: ”അന്നിരുപത്തൊന്നില്‍ നമ്മള്‍ ഇമ്മലയാളത്തില്” എന്ന് തുടങ്ങുന്ന ഒറ്റ മാപ്പിളപ്പാട്ട് കൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടംനേടിയ കവി കമ്പളത്ത് ഗോവിന്ദന്‍നായരുടെ 40ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന കമ്പളത്ത് അനുസ്മരണം ഡിസംബര്‍ 23ന് അക്കാദമിയില്‍ നടക്കും.

വൈകുന്നേരം 6മണിക്ക് കെ.ടി. ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രൊഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് കമ്പളത്ത് അനുസ്മരണ പ്രഭാഷണം നടത്തും. ”പടപ്പാട്ടുകളും മലബാറിന്റെ അധിനിവേശ പാരമ്പര്യവും” എന്ന വിഷയത്തില്‍ ഡോ. പി.പി. അബ്ദുല്‍ റസാഖ് പ്രഭാഷണം നടത്തും. അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കലാപം ഫോട്ടോ ഗാലറിക്ക് ”കമ്പളത്ത് സ്മാരക ഫോട്ടോ ഗാലറി”എന്ന് നാമകരണം ചെയ്യുന്ന ചടങ്ങ് ടി.കെ. ഹംസ നിര്‍വ്വഹിക്കും. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിക്കും. സംസ്ഥാനതലത്തില്‍ നടത്തിയ രണഗീതം രചനാ മത്സരത്തില്‍ വിജയിയായ സുബൈര്‍ പടപ്പി(കാസര്‍കോട്)ലിന് കമ്പളത്ത് രണഗീതം പുരസ്‌കാരം നല്‍കും. ഗായകനും സംഗീതകാരനുമായ എന്‍.വി. തുറക്കലിനെ ചടങ്ങില്‍ ആദരിക്കും. രചനാമത്സരത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ നിബിന്‍ കള്ളിക്കാട്(തിരുവനന്തപുരം), ഇ. ഉമ്മുകുല്‍സു(മലപ്പുറം) എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, അക്കാദമി അംഗങ്ങളായ എന്‍. പ്രമോദ് ദാസ്, രാഘവന്‍ മാടമ്പത്ത്, വി. നിഷാദ് മാസ്റ്റര്‍, സലിനാ സലീം, ഒ.പി. മുസ്തഫ, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. ശേഷം വേദിയില്‍ കമ്പളത്തിന്റെ അന്നിരുപത്തൊന്നില്‍ അടക്കമുള്ള പടപ്പാട്ടുകള്‍ അവതരിപ്പിക്കപ്പെടും.