വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കണ്ണൂര്‍ സ്വദേശിനി മുംബൈയില്‍ പിടിയില്‍

Eranakulam

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കണ്ണൂര്‍ സ്വദേശിനി മേരി സാബു മുംബൈയില്‍ അറസ്റ്റിലായി. തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി കിഷോര്‍ വെനേറാമിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അസര്‍ബയ്ജാനില്‍ റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്.

ജോലി നല്‍കാമെന്ന വ്യാജേന ഇത്തരത്തില്‍ 1.25 ലക്ഷം രൂപ മലയാറ്റൂര്‍ സ്വദേശി സിബിനില്‍ നിന്നും തട്ടിയിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ എന്ന റിക്രൂട്ടിംഗ് സ്ഥാപനം മുഖേനയാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയിരുന്നത്. യുവാവിനെ മുംബൈയിലേക്ക് വിളിച്ചു വരുത്തിയ സംഘം വിശ്വാസയോഗ്യമാകും വിധത്തില്‍ അഭിമുഖവും മെഡിക്കല്‍ പരിശോധനയും നടത്തി. പിന്നാലെയാണ് പണം തട്ടിയത്. ശേഷം വ്യാജ വിസ നല്‍കി കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്.