ജീവിത പങ്കാളിയില്‍ നിന്നല്ല കാമുകിമാരില്‍ നിന്നാണ് എഴുതാനുള്ള ഊര്‍ജ്ജം എഴുത്തുകാര്‍ നേടിയത്, ഇതില്‍ സെക്‌സ് വര്‍ക്കറും ഉള്‍പ്പെട്ടിരുന്നു

Articles

നിരീക്ഷണം / നസീം ബീഗം

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നറിയില്ല. സിനിമ എന്നത് ദൃശ്യവിരുന്നാണ് വെറും കഥപറച്ചിലല്ല എന്ന് മനസ്സിലാക്കി തരുന്ന ക്ലാസിക് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. ഒപ്പം മനുഷ്യ മനസ്സുകളിലെ നിഗൂഢമായ അറകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്കുള്ള ഒരു ഒളിഞ്ഞു നോട്ടം കൂടിയാണ്.

ഫിലിപ്പ് റോത്ത് എഴുതിയ Deception എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള, അതേ പേരിലുള്ള ഉള്ള സിനിമ, ഒരു എഴുത്തുകാരന്റെ കഥ അയാളുടെ ജീവിതത്തില്‍ ഒപ്പം ചേര്‍ന്ന കുറച്ചു സ്ത്രീകളിലൂടെ പറയുകയാണ്. ലോകസാഹിത്യ ചരിത്രം എടുത്താല്‍ ഒട്ടുമിക്ക എഴുത്തുകാരും സിനിമയിലെ നായകനെ പോലെ ഡിസെപ്റ്റീവ് ആണെന്നത് വിചിത്രമായ സംഗതി അല്ല. സമൂഹം അതൊക്കെ അവര്‍ക്ക്, പുരുഷന്മാര്‍ക്ക്, അനുവദിച്ചു കൊടുക്കുന്നുമുണ്ട്. കലയില്‍, എഴുത്തില്‍ അസ്‌കിത ഉള്ളവരുടെ ജീവിതമെടുത്താല്‍ അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് ഭാര്യയെക്കാള്‍ കാമുകിമാരാണെന്ന് കാണാന്‍ പ്രയാസമില്ല. വാസ്തവത്തില്‍ ജീവിത പങ്കാളി എന്നത് വെറുമൊരു പ്രഹസനം മാത്രമായി കൊണ്ടിരിക്കുന്ന കാലത്തും ഈ കാമുകിമാര്‍ക്ക് സമൂഹത്തില്‍ വിലയൊന്നുമില്ല. നമ്മുടെ നാട്ടില്‍ അതൊക്കെ ഇന്നും രഹസ്യമായ ഏര്‍പ്പാടാണ്. എങ്കിലും പാശ്ചാത്യര്‍ക്കിടയില്‍ ഇതൊക്കെ പരസ്യമായി ഒരു കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു പുരുഷന്റെ മിസ്ട്രസ് ആയി ഇരിക്കുക പഴയ കാലത്ത് കൊടിയ പാപമൊന്നും അല്ലായിരുന്നു. പക്ഷേ അത്തരം സ്ത്രീകളെ മിസ്ട്രസ് എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന ശീലത്തിന് അന്നും ഇന്നും മാറ്റമില്ല.

എഴുതാനുള്ള ഊര്‍ജ്ജം ജീവിത പങ്കാളിയില്‍ നിന്നല്ല കാമുകിമാരില്‍ നിന്നാണ് ലോകോത്തര എഴുത്തുകാര്‍ നേടിയിട്ടുള്ളത്, ഇതില്‍ വേശ്യമാര്‍ പോലും ഉള്‍പ്പെട്ടിരുന്നു. സോറി, ഇപ്പോ സെക്‌സ് വര്‍ക്കര്‍ ആണല്ലോ, അതിനെ ഒരു തൊഴിലായി സ്ത്രീകളുടെ മനസ്സില്‍ അടിച്ചേല്‍പ്പിച്ചത് ഇത്തരം അവസ്ഥകള്‍ക്ക് അംഗീകാരം നേടി കൊടുക്കല്‍ ആയിരുന്നു. അതല്ല എന്റെ വിഷയം.

പറഞ്ഞു വന്നത് എഴുത്തുകാരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ സിനിമ. ഒരു എഴുത്തുകാരന്‍ കഥാപാത്രങ്ങള്‍ക്കായി എത്രത്തോളം ഡിസെപ്റ്റീവ് ആകാന്‍ നോക്കിയിട്ടുണ്ട്, എത്ര സ്ത്രീകളെ വലയില്‍ വീഴ്ത്തിയിട്ടുണ്ട്, എത്ര പേര്‍ അവരില്‍ ആകൃഷ്ടരായിട്ടുണ്ട്, എത്ര പേര്‍ എഴുത്തില്‍ സ്വാധീനിച്ചിട്ടു തുടങ്ങി , ഈ സ്ത്രീകള്‍ ഇല്ലായിരുന്നുവെങ്കില്‍ അവരുടെ സര്‍ഗ്ഗശേഷി ഏതു വിധത്തിലാകുമായിരുന്നു എന്നൊക്കെ വെറുതെ ആലോചിച്ചു പോകും. ഈ സിനിമയുടെ അവസാനം തന്റെ നോവല്‍ എഴുത്തുകാരന്‍ പ്രസിദ്ധീകരിക്കുകയും അയാളെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ അവരുടെ നീരസവും സ്‌നേഹവും പ്രകടിപ്പിച്ചു കൊണ്ട് അയാളെ കാണാന്‍ വരുന്നതുമാണ്. ആ പുസ്തകമാണോ എഴുത്താണോ എഴുത്തുകാരന്‍ ആണോ വഞ്ചന കാട്ടുന്നത് , ഡിസെപ്റ്റീവ് ആകുന്നത് എന്ന ഒരു സംശയത്തില്‍ കാഴ്ചക്കാരെ കൊണ്ടെത്തിക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്. സിനിമ എന്ന മീഡിയം പോലും ഡിസെപ്റ്റീവ് ആയിരിക്കെ സത്യം ഏത്, മിഥ്യ ഏതെന്നൊരു സങ്കീര്‍ണമായ അവസ്ഥയില്‍ സ്വയം എത്തി ചേര്‍ന്നേക്കാം.