അറേബ്യന്‍ രാവുകള്‍

Articles

യാത്ര/ടി കെ ഇബ്രാഹിം

ലോകം വീട്ടില്‍ നിന്നുമാരംഭിച്ച്, നാടും നഗരവും കടന്ന് രാജ്യാതിര്‍ത്തികള്‍ വകഞ്ഞുമാറ്റി നടന്നും കണ്ടും തീര്‍ക്കാവുന്ന ഒരു ഗ്രാമമാവുകയാണിവിടെ. വൈവിധ്യമാര്‍ന്ന മനുഷ്യകുലം അതിന്റെ നാനാത്വം മറന്ന് ഏകമായിത്തീരുന്ന വിശ്വദര്‍ശനത്തിന്റെ മഹത്വപൂര്‍ണ്ണമായ ആവിഷ്‌കാരമാണ് ഗ്ലോബല്‍ വില്ലേജെന്ന ദുബൈയ് അന്താരാഷ്ട്ര വാണിജ്യ കാലാസാംസ്‌കാരിക പ്രദര്‍ശന മേള എന്ന് സംഗ്രഹിക്കാം.

വിദൂരസ്ഥമായ ഓര്‍മ്മകളില്‍ പാതയോരം ചേര്‍ന്നു നില്‍ക്കുന്ന ഓടുമേഞ്ഞ ഒരു നീളന്‍ കെട്ടിടത്തിലെ, അദ്ധ്യാപകര്‍ മാത്രമിരിക്കുന്ന മുറിയുടെ മൂലയില്‍ ഒളിഞ്ഞെന്നപോലെ നില്‍ക്കുന്ന, അവ്യക്തമായ അടയാളങ്ങളും വരകളുമുള്ള കുഞ്ഞു ഗോളത്ത ചൂണ്ടി കൂട്ടുകാരന്‍ ചെവിയില്‍ മന്ത്രിച്ചത് കാതോര്‍ത്താല്‍ ഇന്നുമെനിക്കു കേള്‍ക്കാം.

‘ഇതാണ് ഭൂമി ‘
മംഗലശ്ശേരി മാധവന്‍ മാസ്റ്ററെന്ന സ്‌നേഹധനനായ ചരിത്രാദ്ധ്യാപകന്‍ പിന്നീടെപ്പഴോ ആ ഉരുണ്ട ഗോളം ക്ലാസില്‍ കൊണ്ടു വന്ന് തന്റെ മേശയ്ക്കു മേല്‍ നിര്‍ത്തിവച്ചു. അതിങ്ങിനെ ചരിഞ്ഞു കിടക്കുന്നതെന്താണെന്നും, അതിനകത്തൊരു അച്ചുദണ്ഡുണ്ടെന്നും ഞങ്ങളോടുപറഞ്ഞു. സൂഷ്മതയോടെയും വാചാലമായും അതിലയാള്‍ യൂറോപ്പും അമേരിക്കയും ഏഷ്യയുമാഫ്രിക്കയും പിന്നെ ആസ്‌ത്രേലിയയും വിരല്‍ തുമ്പിനാല്‍ തൊട്ടുകാണിച്ചുതന്നു.

നീല നിറത്തില്‍ അടയാളപ്പെടുത്തിയ ബാക്കി ഭാഗങ്ങള്‍ മുഴുക്കെ കടലാണെന്നു പറഞ്ഞു. അന്ന് കടല്‍ കണ്ടിട്ടില്ലാത്ത ഞങ്ങളില്‍ പലര്‍ക്കും കരയും കടലു മെന്താണെന്ന് വേണ്ടത്ര ബോധ്യമായില്ല. തീരാത്ത സന്ദേഹങ്ങളുടെ സാമൂഹ്യപാഠം ഏതേതോ പ്രകാരങ്ങളില്‍ ജീവിത സായാഹ്നത്തോടടുക്കുമ്പോഴും പഠിക്കാന്‍ ബാക്കിയായി ഇന്നും കുറ്റബോധത്തോടെ കൂടെയുണ്ട്.

കഴിഞ്ഞ രണ്ടു സായാഹ്നങ്ങളിലും ഇവിടെ ഗ്ലോബല്‍ വില്ലേജിലെത്തി രാത്രി ഏറെ വൈകും വരെ വിവിധ രാജ്യങ്ങളുടെ പവലിയനുകളിലൂടെ വെറുതേ അലഞ്ഞു. ആള്‍ക്കൂട്ടത്തിലും ഏകാകിയായി. ആഫ്രിക്ക തുര്‍ക്കി, ഈജിപ്ത് ,മൊറോക്കോ, യമന്‍ തുടങ്ങിയ രാജ്യങ്ങളുടെ കാലാസാംസ്‌കാരിക പൈതൃകങ്ങള്‍ നേരിട്ടറിയാന്‍ . ഇതല്ലാതെ ഇനി മറ്റൊരു ലോകസഞ്ചാരത്തിനുള്ള സമയം ബാക്കിയില്ലല്ലോ എന്ന വ്യഥ മനസ്സിണ്ട്. ഒരു ദേശാടനക്കിളിയായി ജന്മം തരാതെ പോയ ദൈവത്തോടുള്ള പരിഭവം നേരില്‍ കാണ്‍കെ ദൈവത്തോടു തന്നെ പറയാനുണ്ട്.

കലയും സംഗീതവും നൃത്തവുമെല്ലാം ഇസ്ലാമിനു നിഷിദ്ധമാണെന്നു വിധി പറയുന്നവരുടെ നാട്ടില്‍ നിന്നെത്തിയ ഈ വിനീത വിധേയന് ഇസ്ലാം ഉടലെടുക്കുകയും പ്രവാചകന്‍ സഞ്ചരിക്കുകയും ചെയ്ത ഇടങ്ങളിലെല്ലാം മനുഷ്യര്‍ക്കിടയില്‍ ഇന്നും ജന്മാന്തര സൗഹൃദം പോലെ കലയും സാഹിത്യവും സംഗീതവുമുണ്ട് എന്നതിന്റെ നിദര്‍ശനമാണ് ഈ പേര്‍ഷ്യന്‍ രാജ്യങ്ങളുടെ പവലിയനുകളില്‍ നിന്നുമുയരുന്ന കാല്‍ ചിലമ്പൊലികളും താളവാദ്യങ്ങളും.

പരവതാനികളില്‍ അത്യുദാത്തമായ കലാവിസ്മയങ്ങള്‍ നെയ്തു ചേര്‍ക്കുന്ന ഇറാനിയന്‍ കലാകാരന്മാരും ക്രിസ്റ്റലുകളും മറ്റനേകം ലോഹക്കൂട്ടുകളും കൊണ്ടു ശില്പങ്ങള്‍ തീര്‍ക്കുന്ന ടര്‍കിഷ്‌ലാകരന്മാരും സര്‍ഗ്ഗസിദ്ധിയുടെ സാര്‍വജനീനത തന്നെയല്ലേ വിളംഭരം ചെയ്യുന്നത്? അറബി ലിപികളില്‍ കാലിഗ്രഫി ചെയ്യുന്ന മറ്റൊരു ആവിഷ്‌കാരവും അറബിയില്‍ ഏറെ മുന്നിലായുണ്ട്.

പ്രാകൃത കാലത്ത് ഇന്നു നാം ന്യൂസ് പ്രിന്റെന്നു വിളിയ്ക്കുന്ന കടലാസുകള്‍ പെപ്പറസ് ചെടിയുടെ ഇലയും മറ്റു ചേരുവകളും അരച്ചു ചേര്‍ത്ത് കൈകള്‍ കൊണ്ടുനിര്‍മ്മിച്ച ഗതകാലം നാം ചരിത്രപാഠങ്ങളില്‍ പഠിച്ചത്. അതേ പൂര്‍വ്വീക രീതിയില്‍ നിര്‍മിച്ച പേപ്പറുകളില്‍ ഈജിപ്ഷ്യന്‍ പാരമ്പര്യബിംബങ്ങള്‍ വരച്ചു വച്ച പെയിന്റിങ്ങുകള്‍ മറ്റു സുവനീറുകള്‍ക്കൊപ്പം ഈജീപ്ഷ്യന്‍ സ്റ്റാളകളില്‍ വില്പനയ്ക്കുണ്ട്.

രാജ്യാതിര്‍ത്തികളിലോ ഇടുങ്ങിയ ദേശ സ്‌നേഹത്തിന്റെ ഫാസസത്തെ പുല്‍കുന്ന സ്വാര്‍ത്ഥതയിലോ തെല്ലും വിശ്വാസമില്ലാത്ത ഒരാളെന്ന നിലയില്‍ ഗ്ലോബല്‍ വില്ലേജെന്ന രാജ്യാന്തര സങ്കല്പം വിശാലാര്‍ത്ഥത്തില്‍ ഈ കുറിപ്പുകാരന്റെ കൂടി എളിയ രാഷ്ടീയ ദര്‍ശനമാണ്. ആരൊക്കെ വിലക്കിയാലും ആഗോളീ കരണമെന്ന രാഷ്ട്രീയ വീക്ഷണം യാഥാര്‍ത്ഥ്യമാകുമെന്നത് കമ്യൂണിസം പോലെ ഒരുട്ടോപ്യയാവാനിടയില്ല.

ചരിത്രത്തിന്റെ ഗതിവിഗതികള്‍ പ്രവചനാതീതമാണ് നാളെ എന്തെന്നുമേതെന്നു മാര്‍ക്കറിയാം ? പവലിയനുകളിലൂടെ കണ്ടും കൗതുകമൂറിയും നടന്നു നീങ്ങവെ, വൈദ്യതി പ്രകാശത്തില്‍ ഒരാഗ്‌നേയ ബിന്ദു പോലെ ‘ പാലസ്തീന്‍ ‘എന്ന് ഇഗ്ലീഷിലെഴുതിയ ഒരു പവലിയന്‍ കണ്ണിലുടക്കി. ഒരു നിമിഷം മൗനമെന്ന കൊടും കുറ്റത്തിനു ശിക്ഷയര്‍ഹിക്കുന്ന അനേകകോടികളിലൊരുവനെന്ന കുറ്റബോധത്തോടെ ലജ്ജിച്ചും തല താഴ്ത്തിയും, ഒരധമര്‍ണ്ണനെപ്പോലെ ഞാനും, ആള്‍ക്കൂട്ടങ്ങളിലേക്ക്.