ഓര്‍മ്മകളുടെ ഉഷ്ണം നല്‍കുന്ന അതിര്‍ത്തികള്‍

Articles Travel

യാത്ര / എഴുത്തും ചിത്രങ്ങളും ഡോ: ആസാദ്

വാഗാ അതിര്‍ത്തിയില്‍ പോയത് ഓര്‍മ്മയുണ്ട്. അമൃതസറില്‍ നിന്ന് കാറിലായിരുന്നു യാത്ര. പഞ്ചാബിന്റെ പച്ചപ്പും പ്രതാപവും അറിഞ്ഞുള്ള യാത്ര. പാക്കിസ്ഥാനാണ് അപ്പുറം. പണ്ടേ കേട്ടറിഞ്ഞ ശത്രു. പഞ്ചാബിനോ, അകംപിളര്‍ന്നു മാറിയ പാതി. സ്വാതന്ത്ര്യസമരത്തിന്റെ താളുകളില്‍ മണ്ണേത്, രക്തസാക്ഷിയാര് എന്നറിയാതെ ഇഴചേര്‍ന്ന ധീരസ്മരണ. വേരെവിടെയാണ്? ഇലപ്പടര്‍പ്പുകള്‍ എവിടെയാണ്!

ലാഹോറിലേക്ക് വെറും ഇരുപത്തിനാലു കിലോമീറ്റര്‍ മാത്രം. ദില്ലിയില്‍നിന്ന് ലാഹോറിലേക്കു ബസ് സര്‍വ്വീസ് ഉണ്ടായിരുന്നു. അത്ര പഴയകാലമൊന്നും അല്ല അത്. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍, ഒരേ ചരിത്രവും സംസ്‌കാരവും തിരി പകര്‍ന്ന ജനങ്ങള്‍ക്കിടയില്‍ ഒരു ബസ് സര്‍വ്വീസ് ചെറിയ കാര്യമല്ല. അത് ആഴത്തില്‍ പുണരലാണ്. രാഷ്ട്രീയ വളവുകളുടെ കലഹങ്ങള്‍ക്കിടയില്‍ പക്ഷേ, ആ സര്‍വ്വീസ് നിലച്ചു. വാഗ ഒരുപാട് ഓര്‍മ്മിപ്പിച്ചു. ഖേദവും ആനന്ദവും തന്നു.

കല്‍ക്കത്തയില്‍നിന്നു ലണ്ടനിലേക്കു പോയ പഴയ ബസ്സും കടന്നുപോയത് ഇതേ വഴിയിലായിരിക്കണം. അതിനും മുമ്പ് ഖിലാഫത്തില്‍ പങ്കെടുക്കാനുള്ള സംഘത്തിന്റെ രഹസ്യയാത്ര. അവരില്‍ ചിലര്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളായി അഭിമാനത്തോടെ നടത്തിയ മടക്കയാത്ര. പെഷവാര്‍, കാണ്‍പൂര്‍, മീററ്റ് ഗൂഢാലോചനാ കേസുകളുടെ കോള്‍വഴികള്‍. സില്‍ക്ക് റൂട്ട് വ്യവഹാരങ്ങളുടെ വഴിയില്‍ പുതിയ രാഷ്ട്രീയ ഉത്ഥാനം. രാജ്യങ്ങളുടെ അതിര്‍ത്തിയും കവാടവും പലതും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ ബംഗഌദേശ് അതിര്‍ത്തിയിലേക്കു നടക്കുമ്പോള്‍ അതൊക്കെ ഓര്‍ത്തുപോകുന്നു. അഗര്‍ത്തലയില്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍നിന്ന് നടക്കാവുന്ന ദൂരമേയുള്ളു. അതിര്‍ത്തി കവാടത്തിലേക്കുള്ള പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. യാത്രകളും ചരക്കുവ്യാപാരങ്ങളും അഭയാര്‍ത്ഥി പ്രവാഹങ്ങളും ധാരാളമുണ്ടായ വഴി. മഴപെയ്തു കാണണം. പലയിടത്തും വെള്ളം തളംകെട്ടി കിടപ്പുണ്ട്. റോഡ് പണി നിര്‍ത്തിവെച്ചതുപോലെയുണ്ട്. പൊടി പാറുന്നുണ്ട് വാഹനങ്ങള്‍ പോകുമ്പോള്‍. ഓട്ടോറിക്ഷയും സൈക്കിള്‍ റിക്ഷയുമാണ് ധാരാളമുള്ളത്. തൊഴിലാളികളുടെ കുടിലുകളും ചെറിയ കടകളുമാണ് ഓരങ്ങളില്‍. ചായ കുടിക്കുമ്പോള്‍ വൃദ്ധനായ ചായക്കടക്കാരന്‍ പറഞ്ഞു. എന്റെ സഹോദരന്‍ അതിര്‍ത്തിക്കപ്പുറമാണ്. നടന്നുപോകാവുന്ന ദൂരം. ഞങ്ങള്‍ക്ക് കാണാന്‍ തടസ്സമില്ല. പക്ഷേ, രണ്ടു രാജ്യക്കാരാണ്.

അതിര്‍ത്തിയില്‍ സൈന്യത്തിന്റെ ചെക്ക് പോസ്റ്റില്‍ ഞങ്ങള്‍ മുട്ടി. വാഗയിലേതുപോലെ എല്ലാ ദിവസവും വൈകുന്നേരം പതാകചടങ്ങോ മാര്‍ച്ചിങ് ചടങ്ങോ ഇല്ല. ശനിയും ഞായറും മാത്രം ലഘുവായ ചില ചടങ്ങുകള്‍. അന്ന് ധാരാളം സന്ദര്‍ശകരുണ്ടാവും. ഞങ്ങള്‍ കേരളത്തില്‍നിന്നു വരികയാണ്. അതിര്‍ത്തി കാണാന്‍ അനുവദിക്കാമോ എന്നു ചോദിച്ചു. ഓഫീസര്‍മാര്‍ മേലോഫീസര്‍മാരിലേക്ക് അഭ്യര്‍ത്ഥന കൈമാറി. ഒടുവില്‍ അനുവാദം കിട്ടി. ഒരു ഓഫീസര്‍ ഒപ്പം വന്നു. ബംഗഌദേശ് അതിര്‍ത്തിരേഖയില്‍ ചെന്നു നിന്നു. ഫോട്ടോ എടുക്കാന്‍ തടസ്സമില്ലായിരുന്നു. അതിര്‍ത്തി കടക്കേണ്ട എന്നു മാത്രം മനോജ് എന്ന ഓഫീസര്‍ പറഞ്ഞു.

ഒരിക്കല്‍ സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ധാക്ക. അവിടേക്ക് എത്രയേറെ ജാഥകള്‍ കടന്നുപോയിക്കാണും! പിന്നീട് നാല്‍പ്പത്തിയേഴിലും എഴുപത്തിയൊന്നിലും അഭയാര്‍ത്ഥികളുടെ പ്രവാഹം. രണ്ടുപുറത്തായി പിളര്‍ത്തപ്പെട്ട കുടുംബങ്ങളുടെ നിലവിളികള്‍. ത്രിപുരയുടെ ചരിത്രം ആ പ്രവാഹത്തിന്റെ ഒഴുക്കില്‍ മാറിമറിഞ്ഞതാണ്. ബംഗാളിന്റെ രാഷ്ട്രീയത്തെയും പിടിച്ചുലച്ചിട്ടുണ്ട് അത്. ഞാന്‍ നെല്ലിന്റെ ഗീതം ഓര്‍ക്കുന്നു. സാവിത്രീ റോയിയെയും സാംബശിവനെയും ഓര്‍ക്കുന്നു.
ബംഗാളിയും കോക്ബറോക്കും സംസാരിച്ചിരുന്ന ജനത, ശ്വാസത്തില്‍നിന്ന് ഭാഷ വേര്‍പെടുമോ എന്നു ഭയന്ന നാളുകള്‍. ഭാഷാ കലാപത്തിന്റെ ഓര്‍മ്മകള്‍. അതിര്‍ത്തിയില്‍ അല്‍പ്പനേരം നിന്നാല്‍ എല്ലാം വീണ്ടുംവീണ്ടും തെളിഞ്ഞുവരും.

ഇപ്പോള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട് അഗര്‍ത്തലയില്‍നിന്ന് ധാക്കയിലേക്കുള്ള ബസ്സ്. നാലു മണിക്കൂറോളമുണ്ട് യാത്ര. എത്രയോ പേര്‍ ഇതുവഴി കടന്നുപോകുന്നു. ഏറ്റവും ഹ്രസ്വമായ അന്താരാഷ്ട്ര റൂട്ടുകളില്‍ ഒന്നാണിത്. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്ന് പടിഞ്ഞാറന്‍ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലേക്കു നീളുന്ന പാതയാണ്. ഇടക്കാലത്ത് കോവിഡ് മഹാമാരി മുറിച്ചുമാറ്റിയ കൊല്‍ക്കത്തയിലേക്കുള്ള സര്‍വ്വീസ് പുനരാരംഭിച്ചിരിക്കുന്നു. പത്തൊമ്പതു മണിക്കൂര്‍ യാത്ര. ട്രെയ്‌നിലാണെങ്കില്‍ ഗുവാഹത്തി വഴി മുപ്പത്തിയഞ്ചു മണിക്കൂര്‍ വരും. ബസ് ബംഗ്ലാദേശിനെ നെടുകെ മുറിച്ച് കടന്നുപോകും. ത്രിപുരയ്ക്കും ബംഗാളിനും ഇടയില്‍ ബംഗ്ലാദേശ് എന്ന വിദേശം. മുജീബ് റഹ്മാന്റെ കാലശേഷം അഥവാ അദ്ദേഹം വധിക്കപ്പെട്ട ഒരട്ടിമറിയില്‍ ജനാധിപത്യ ധാരകള്‍ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ദുര്‍ബ്ബലപ്പെട്ടതാണ് അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇപ്പോള്‍ എല്ലാം സമം. ത്രിപുര, കിഴക്കന്‍ ബംഗാള്‍, പടിഞ്ഞാറന്‍ ബംഗാള്‍. ക്വാസി നസ്രുള്‍ ഇസ്ലാമിനെ, മുസഫര്‍ അഹമ്മദിനെ സല്യൂട്ട് ചെയ്യണം. വലിയൊരു ബംഗാളാണ് പിച്ചിക്കീറപ്പെട്ടത്. അടിത്തട്ടു സമരങ്ങളുടെയും അതിജീവനങ്ങളുടെയും രക്തവും വിയര്‍പ്പുമാണ് വിഭജിക്കപ്പെട്ടത്.

ഇപ്പോഴും റിക്ഷാവണ്ടി വലിച്ചുകൊണ്ട് പഴയ പോരാളി ഓടുകയാണ്. റിക്ഷ ഉപേക്ഷിച്ച പപ്പുമാരുടെ കേരളമല്ല ഇത്. വിവേകാനന്ദന്‍ ഒരു മൈതാനത്തിന്റെ പേരാണ്. ടാഗോര്‍ ഒരു പാരമ്പര്യത്തിന്റെ പ്രേരണ. ഞങ്ങള്‍ താമസിച്ചത് സോണാ ടോറി ഹോട്ടലില്‍. സോണാ ടോറി ടാഗോറിന്റെ ഒരു കവിതയുടെ പേരാണ്. ഇവിടെ എന്തിലുമുണ്ട് പോയ കാലത്തിന്റെ പ്രഭാവം. കുതറിപ്പോരാന്‍ മടിക്കുന്ന മനസ്സ്. കാര്‍്രൈഡവര്‍ പറഞ്ഞു, പ്രതിപക്ഷം ദുര്‍ബ്ബലമല്ലെന്ന്. ചോപ്പു രാശി പറ്റേ മാഞ്ഞിട്ടില്ലെന്ന്. പ്രത്യാശയുടെ സൂര്യനുണ്ട് വടക്കുകിഴക്ക്. മണിപ്പൂരിന് ഇപ്പുറം.