മൊഴി / ഡോ: വിനോദ് കൃഷ്ണന്‍
സാരി ധരിയ്ക്കുന്നത് സ്വന്തം ശരീരത്തെ ശില്‍പമായി പുന:സൃഷ്ടിയ്ക്കുന്ന ആവിഷ്‌കാരമാണെന്ന് എപ്പോഴും തോന്നാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സാരി ഉടുത്ത സ്ത്രീകള്‍ കവിതയണിഞ്ഞ സ്ത്രീകളാണ്. ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഒരിക്കല്‍ പറയുകയുണ്ടായി, ‘നിങ്ങള്‍ക്ക് സാരി ധരിയ്ക്കാന്‍ അറിയില്ലെന്ന് എന്നോട് പറഞ്ഞാല്‍, ഞാന്‍ നിങ്ങളോട് ലജ്ജാവഹമാണത് എന്നുപറയും. ഇത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, അതിന് വേണ്ടി നിലകൊള്ളേണ്ടതുണ്ട്’ .
എന്റെ അഭിപ്രായം അത്രത്തോളം അതിരുകടക്കില്ല. പക്ഷേ അത് എങ്ങനെ ധരിക്കണമെന്ന് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണെന്നന്ന് തീര്‍ച്ചയായുംപറയും. I love it! ഏറ്റവും ഇഷ്ടപ്പെടാത്ത സ്ത്രീ വസ്ത്രം എന്താണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, അത് ‘പലാസോ’ എന്ന പുതിയ ‘ഫാഡ്” ആണ് എന്ന് നിസ്സംശയം മറുപടി പറയും. പലപ്പോഴും ഫാഷന്‍ എന്ന് തെറ്റിദ്ധരിയ്ക്കപ്പെടുന്നതാണ് fad എന്നത്. ഫാഡ് ഹ്രസ്വകാലം മാത്രം നിലനില്കുന്ന, വളരെയധികം പേര്‍ പിന്തുടരുന്ന പ്രത്യേക ശൈലിയോടുള്ള അഭിനിവേശമാണ്. നേരെമറിച്ച്, ഫാഷന്‍ എന്നത് ഫാഷനബിള്‍ ആയവര്‍ മാത്രം പിന്തുടരുന്ന ഒന്നാണ്. വ്യാപതി കുറവായിരിക്കും അതിന്.
അതില്‍ വസ്ത്രം ചെറിയ ഘടകം മാത്രമാണ്. ഭാഷയും, ശരീരഭാഷയും, ചലനങ്ങളും, നില്‍പും, നടപ്പും, വീക്ഷണവും, സവിശേഷമായ ശൈലിയുമൊക്കെ ബുദ്ധിപൂര്‍വ്വം സമഗ്രഹിയ്ക്കുന്നവരാണവര്‍. കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ കൂടുതല്‍ സ്ത്രീകളെ പലാസ്സോയില്‍ കാണുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഫ്രാന്‍സിലെ ഒരു പട്ടണത്തിലെ ആളുകള്‍ അനുദിനം കാണ്ടാമൃഗങ്ങളായി മാറുന്ന യൂജിന്‍ അയോനെസ്‌കോയുടെ Rhinocerous എന്ന നാടകത്തെ ഈ ‘ രൂപമാറ്റം” ഓര്‍മ്മിപ്പിക്കുന്നു!
ഈയിടെ വിദ്യാ ബാലന്റെ പുതിയ ചിത്രമായ ‘ജല്‍സ’ യെക്കുറിച്ച് ഗൂഗിള്‍ ചെയ്യുന്നതിനിടയില്‍, ടാഗോറിന്റെ ‘ജോഡി തോര്‍ ദക്ഷൂനെക്യു നാസേ തൊബേ എക്‌ലചോലോ രേ’ എന്ന കവിത ബോര്‍ഡറില്‍ ആലേഖനം ചെയ്ത സാരിയില്‍ അവരുടെ ഒരു മനോഹരമായ ചിത്രം കാണാനിടയായി. ആരും നിങ്ങളുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുന്നില്ല എങ്കില്‍, നിങ്ങളുടെ വഴിക്ക് ഒറ്റയ്ക്ക് പോകുക എന്നാണ് കവിത പറയുന്നത്. (ഗാന്ധിയുടെ പ്രിയപ്പെട്ട കവിതയാണിത്). ഇത് ടാഗോറിനോടുള്ള വിദ്യാ ബാലന്റ ആദരവായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ശരീരത്തില്‍ കവിതയണിയുകയായിരുന്നു സാമ്പ്രദായികമല്ലാത്ത ശൈലി യഥാര്‍ത്ഥ ജീവിതത്തിലും സിനിമകളിലും പിന്തുടരുന്ന മുന്‍ ലോകസുന്ദരി.
Photo courtesy : the Instagram of Vidhya Balan