ചിന്ത/ എ പ്രതാപന്‍
യു ആര്‍ അനന്തമൂര്‍ത്തി എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍. ചില എഴുത്തുകള്‍ പിന്നീട് നമ്മളെ വിട്ടു പോകില്ല. സംസ്‌കാരവും ഭാരതീപുരവും അവസ്ഥയുമൊക്കെ എന്റെ മാനസിക പ്രപഞ്ചത്തിന്റെ ഭാഗം, പ്രാണേശാചാര്യരും ജഗന്നാഥനും കൃഷ്ണപ്പനും പിന്നെ ചന്ദ്രിയും നാരാണപ്പനും ഗൗരിയുമൊക്കെ . അകത്തേക്കും പുറത്തേക്കും നീളുന്നു അനന്തമൂര്‍ത്തിയുടെ നോട്ടങ്ങള്‍. സ്വന്തം ഉണ്‍മയെ തിരയുന്ന അനന്തമൂര്‍ത്തിയുടെ കഥാപാത്രങ്ങള്‍, ലോകത്തിന്റെ ഉണ്‍മയിലെ അതിന് സാക്ഷാത്കാരമുള്ള എന്ന അറിവിലേക്ക് എത്തുന്നവരുമാണ്.
കറുപ്പിലോ വെളുപ്പിലോ അല്ലാതെ, വിശ്വാസത്തിലോ യുക്തിയിലോ തളയാതെ, സങ്കീര്‍ണ്ണമായ ഇന്ത്യനവസ്ഥയെ അഭിമുഖീകരിക്കുന്നു ഈ എഴുത്തുകാരന്‍. ചന്ദന്‍ ഗൗഡയുമായി അനന്തമൂര്‍ത്തി നടത്തിയ സംഭാഷണങ്ങളെ കുറിച്ച് സുഹൃത്ത് ഗോപീകൃഷ്ണന്‍, Poovathumkadavil Narayanan Gopikrishnan , ഈയിടെ എന്നോട് പറഞ്ഞു. അന്നു തന്നെ പുസ്തകം വരുത്തി. A LIFE IN THE WORLD , ലോകത്തില്‍ ഒരു ജീവിതം.

അനന്തമൂര്‍ത്തിയുടെ വ്യക്തി ജീവിതത്തേയും സാഹിത്യ ജീവിതത്തേയും ആക്ടിവിസ്റ്റ് ജീവിതത്തേയും അടുത്തറിയാന്‍ ഈ സംഭാഷണങ്ങള്‍ ഉപകരിക്കും, അനന്തമൂര്‍ത്തിയുടെ വായനക്കാര്‍ക്ക് ആ എഴുത്തിന് പിന്നിലെ ഊര്‍ജ സ്രോതസ്സുകളിലേക്ക് പോകാനും. അനന്തമൂര്‍ത്തിയുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും തലങ്ങളെയും സൗഹൃദ ബന്ധങ്ങളെയും, സാഹിത്യ താല്‍പര്യങ്ങളെയും രാഷ്ട്രീയ വിശ്വാസങ്ങളെയും സ്പര്‍ശിക്കുന്നുണ്ട് ഈ സംഭാഷണങ്ങള്‍. ഈ പുസ്തകത്തിലൂടെ അനന്തമൂര്‍ത്തി ഇപ്പോളും നമ്മളോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.

ഈ പുസ്തകം തന്ന ഒരു സന്തോഷം കൂടി പങ്കു വെച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. അനന്തമൂര്‍ത്തി തന്റെ അവസാന കാലത്ത് ബ്രെഹ്റ്റ് കവിതകള്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു എന്ന അറിവാണ് അത്. But there is also content in potery which is very valuable sometimes, particularly in Brecht എന്നാണ് അനന്തമൂര്‍ത്തി പറയുന്നത്. മറ്റൊരിടത്ത് ഇഷ്ടപ്പെട്ട നാടകകൃത്തുക്കളെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം, My favourite playwright really is Shakespeare, and to some extent Brecht എന്നാണ്. ബ്രെഹ്റ്റിനെ കുറേ കാലമായി വായിക്കുന്ന, അദ്ദേഹത്തിന്റെ കവിതകള്‍ ചിലപ്പോള്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ള ഒരു ബ്രെഹ്റ്റ് പ്രേമി എന്ന നിലയില്‍ ഈ ഉത്തരങ്ങള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നു. രാഷ്ട്രീയ ഉള്ളടക്കം കവിതയെ നശിപ്പിക്കുന്നു എന്ന നിലയില്‍ നമ്മുടെ ചില എഴുത്തുകാര്‍ പ്രകടിപ്പിച്ചു കണ്ടിട്ടുള്ള ബ്രെഹ്റ്റ് പരിഹാസത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.