ശിക്ഷിക്കാനുള്ള അവകാശം പാർട്ടിക്കുണ്ടെന്ന് ശരിക്കും കരുതുന്നതാണ് കേരളത്തിലെ CPIM ന്‍റെ കാതലായ തകരാറ്

Articles

നിരീക്ഷണം /കരുണാകരൻ

“ശിക്ഷിക്കാനുള്ള അവകാശം” തങ്ങൾക്കുണ്ടെന്നു ശരിക്കും വിശ്വസിക്കുന്നു എന്നതാണ് കേരളത്തിലെ സി പി ഐ (എം )ന്റെ കാതലായ തകരാറ് : രാഷ്ട്രീയാധിപത്യത്തിലും അധികാര കേന്ദ്രീകരണത്തിലും ആ പാർട്ടി വിശ്വസിക്കുന്നതുകൊണ്ടാണ് അത്‌. അത്രയും അവർ ജനാധിപത്യത്തെ, അതിന്റെ രീതികളെ വെറുക്കുന്നു.

സി പി ഐ (എം) ന്റെ മുൻകൈയിലും അറിവോടെയും നടന്ന കൊലപാതകങ്ങൾ സമൂഹത്തിൽ വാർത്തയും പ്രശ്നവുമാവുമ്പോൾ അതിന്റെ നേതാക്കൾ പ്രതിരോധം ഉയർത്തുന്ന രീതി ശ്രദ്ധിച്ചിട്ടില്ലേ, അവർ പറയുക, “അത്‌ പാർട്ടി അന്വേഷിക്കും ‘, “പാർട്ടി വേണ്ട നടപടി എടുക്കും” എന്നാണ്. അതായത്, ഒരു സിവിൽ സമൂഹത്തിനുള്ള സത്യം, നീതി, ന്യായം, തെളിവ്, തുടങ്ങി ഇവയിലൊക്കെയുമുള്ള അറിവിനും രാഷ്ട്രീയ ബോധ്യത്തിനും പൊതു ബോധത്തിനും മീതെ തങ്ങളുടെ പാർട്ടിയുടെ “ശിക്ഷാ സമുച്ചയം” ഈ നേതാക്കൾ ഉയർത്തുന്നു. അതിന്റെ വഴി അലംഘനീയം എന്ന് സ്ഥാപിക്കുന്നു. ഇതാണ് കേരളീയ സമൂഹം പുരോഗമനത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പേരിൽ സി പി ഐ (എം)ന് അനുവദിച്ചിട്ടുള്ളത്. അങ്ങനെയാണ് നമ്മൾ, കേരളീയർ, ജനാധിപത്യത്തെത്തന്നെ കബളിപ്പിക്കുന്നത്. പാർട്ടിയുടെ ഈ “ശിക്ഷാ സമുച്ചയ”ത്തിനൊപ്പമാണ്, ഇന്ന്, കേരളത്തിലെ ഒരു വലിയ സംഘം എഴുത്തുകാർ. ഇത്തരം ഫാഷിസ്റ്റ് രീതികളോട് വിസമ്മതിക്കുന്ന, വിമത ശബ്ദം ഉയർത്തുന്ന ആരെയും ഇന്ന് പാർട്ടി മാത്രമല്ല ഒതുക്കുന്നത്, ഈ എഴുത്തുകാർകൂടിയാണ്. പാർട്ടിക്ക് എതിരെ, അതിന്റെ നേതാവിനെതിരെ, വിമർശനം ഉയർത്തുന്ന ആളുകളെ ഈ എഴുത്തുകാർ തങ്ങളുടെ വേദികളിൽനിന്നും വൃത്തങ്ങളിൽ നിന്നും അകറ്റാൻ കൃത്യമായി ശ്രദ്ധിക്കുന്നതും ഇതേ “ശിക്ഷാ സമൂച്ചയ”ത്തിനുവേണ്ടിയാണ്.

കഴിഞ്ഞ ദിവസം നടന്ന സിദ്ധാർത്ഥിന്റെ കൊലപാതകം ഏതാനും വർഷം മുമ്പു നടന്ന ഷുക്കൂറിന്റെ കൊലപാതകവുമായി സാമ്യമുണ്ട്. അന്നും ആൾക്കൂട്ട വിചാരണയും ശിക്ഷയുമായിരുന്നു അതിന്റെ രീതി. ശിക്ഷിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നു ഈ പാർട്ടിയുടെ ഇളം തലമുറയും വിശ്വസിക്കുന്നു എന്നാണ് ഈ കുട്ടിയുടെ കൊലപാതകവും കാണിച്ചത്. അവർക്കതിൽ ശരികേട് തോന്നാനും സാധ്യതയില്ല. അത്രയും ഹിംസാത്മകമാണ് സി പി എം കേരളത്തിനു നൽകിയ രാഷ്ട്രീയ പാരമ്പര്യം.

ഇത്തരം രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതൃത്വത്തെയും നമ്മുടെ കുടുംബങ്ങളിലും പൊതു ഇടങ്ങളിലും വിമർശിക്കാനും അകത്തും പുറത്തും ജനാധിപത്യത്തിനും സ്വാത്മാഭിമാനത്തിനും വേണ്ടി നിലകൊള്ളാൻകൂടിയും കേരളീയർ തയ്യാറാവണം, കുറ്റവാളികൾക്ക് ശിക്ഷ നേടികൊടുക്കാൻ ശ്രമിക്കുന്നതിനുമൊപ്പം.