അനന്തമൂര്‍ത്തിക്കുറിച്ചെഴുതിയപ്പോള്‍ ലങ്കേഷിനെ ഓര്‍ത്തു, അവ്വ എന്ന കവിതയും

Articles

എഴുത്ത്, വിവര്‍ത്തനം / എ പ്രതാപന്‍

അനന്തമൂര്‍ത്തിയെക്കുറിച്ച് എഴുതിയപ്പോള്‍ ഞാന്‍ ലങ്കേഷിനെ ഓര്‍ത്തു (സ്വാഭാവികമായും ലങ്കേഷിന്റെ കൊലചെയ്യപ്പെട്ട മകള്‍ ഗൗരിയെയും). ഏതാണ്ട് നാല് പതീറ്റാണ്ടുകള്‍ക്ക് മുമ്പ് വായിച്ച ലങ്കേഷിന്റെ ഒരു കവിത മലയാളത്തില്‍ വന്നതും ഓര്‍ത്തു. തന്റെ അമ്മ മരിച്ച സമയത്ത് ലങ്കേഷ് എഴുതിയ കവിതയാണ്. ആ കവിതാ പരിഭാഷ ഇപ്പോള്‍ എന്റെ കൈവശമില്ല. ആ കവിതയുടെ നാല് ഇംഗ്ലീഷ് പരിഭാഷകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എ.കെ. രാമാനുജന്‍,
എച്ച്.എസ്. കോമളേശ, എസ്.എന്‍.ശ്രീധര്‍ , എം.എസ്.നടരാജ് തുടങ്ങിയവര്‍ ചെയ്തത്. ആ കവിതയുടെ പുനര്‍വായനയും എനിക്ക് ഒരു വല്ലാത്ത അനുഭവമായിരുന്നു. ലങ്കേഷിന്റേയും, ഗൗരി ലങ്കേഷിന്റേയും ഓര്‍മ്മക്ക് ‘ അവ്വ ‘ എന്ന കവിത ഞാന്‍ വീണ്ടും പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചു.

കവിത

അമ്മ

ലങ്കേഷ്

എന്റെ അമ്മ
ഇരുണ്ട ഉര്‍വ്വരയായ ഭൂമി
പച്ചിലകളുടെ ഒരു തടം
അഴകാര്‍ന്ന പൂക്കളുടെ തിമിര്‍പ്പ്
ഓരോ എരിയലിലും ആളിയ കരുത്ത്
ദുരിതങ്ങളില്‍ വിരിഞ്ഞ പൂവ്
വിളഞ്ഞ കനി
മക്കളുടെ തൊഴികള്‍
അവള്‍ക്ക് സ്വര്‍ഗ്ഗീയ നിര്‍വൃതി
തലയിലെ കൂട അവള്‍ ഇറക്കി വെച്ചു
ഒന്നു ഞരങ്ങി , കണ്ണുകള്‍ അടച്ചു
പിന്നീടൊരിക്കലും തുറന്നില്ല

ചോളം കൊണ്ടവള്‍ പത്തായം നിറച്ചു
എന്റെ അച്ഛനെ പ്രീതിപ്പെടുത്താന്‍
കൈകളില്‍ ഒരു വള അണിയാന്‍
ഓരോ മണ്‍തരിയിലുമവള്‍
വെള്ളം കോരി നനച്ചു
കുരുമുളകിനും കടലയ്ക്കും
ചാമയ്ക്കും ചോളത്തിനും
സ്വന്തം കൈകള്‍ കൊണ്ടവള്‍
നിലമുഴുതു , വയല്‍ നിറയെ
പൂവിടുന്നതും കനി വിളയുന്നതും
നോക്കി നിന്നു
കീറിപ്പറിഞ്ഞ ഒരു സാരിയുടുത്ത്
തന്റെ യൗവനം മുഴുവന്‍

അവള്‍ മരിച്ചു
നടു കൂനിപ്പോയ ഈ വയസ്സിക്ക്
എത്ര വയസ്സ്?
എത്ര പൂര്‍ണ്ണ ചന്ദ്രന്മാരെ
അവള്‍ കണ്ടു?
തന്റെ കനലടുപ്പില്‍ അവളെത്ര
ദോശകള്‍ ചുട്ടു ?
ചില്ലറത്തുട്ടുകള്‍ക്കായി,
ചത്ത കന്നുകുട്ടിയെ ഓര്‍ത്ത്,
നശിച്ച വിളകള്‍ക്ക് വേണ്ടി
ഈ സ്ത്രീയെത്ര കരഞ്ഞു ?
ഓടിപ്പോയ ഒരു വയസ്സി എരുമയെ തേടി
അവളെത്ര ഗ്രാമങ്ങളില്‍ അലഞ്ഞു?

സീതയോ സാവിത്രിയോ
ഊര്‍മ്മിളയോ അല്ലിവള്‍
ചരിത്രത്തിലും ഇതിഹാസങ്ങളിലും
നിങ്ങള്‍ കണ്ട
വിധേയയും മാന്യയും സുഭഗയുമായ
ഒരു പുണ്യ പത്‌നിയുമല്ല
ഗാന്ധിയുടേയോ രാമകൃഷ്ണന്റെയോ
മഹദ് പത്‌നിമാരുമായി
അവളെ താരതമ്യം ചെയ്യരുതേ !
നല്ല ഭാര്യമാര്‍ ചെയ്യുമ്പോലെ
ഒന്ന് തൊഴുതു പോലുമില്ലിവള്‍
എന്തിന്, നെററിയില്‍
കുങ്കുമം ചാര്‍ത്തിയുമില്ല

ഒരു കാട്ടു കരടി പോലെ അവള്‍
കുഞ്ഞുങ്ങളെ പെറ്റു കൂട്ടി
തന്റെ പുരുഷനെ പോറ്റി
സാരി കോന്തലയില്‍
നാണ്യത്തുട്ടുകള്‍ കെട്ടി വെച്ചു
കഷ്ടകാലത്തിന് വേണ്ടി
മുറിവേറ്റ കൊടിച്ചി പട്ടി പോലെ
മുരണ്ടു, പൊരുതി
ഒരു പെരും കുരങ്ങിനെ പോലെ
നിസ്സാര കാര്യങ്ങളില്‍ ശണ്ഠ കൂടി
എല്ലാം വീടിന് വേണ്ടി
അവള്‍ പൊട്ടിത്തെറിച്ചത്
മകന്‍ വഴിപിഴയ്ക്കുമ്പോള്‍
ഭര്‍ത്താവ് വേറെ മണപ്പിച്ച് നടക്കുമ്പോള്‍

ഒരു കാട്ടുകരടിക്ക്
ന്യായ മീമാംസകളൊന്നും വേണ്ട
നിങ്ങളുടെ ഭഗവദ് ഗീതയും വേണ്ട
അവള്‍ ജീവിച്ചത്
പുല്ലിനും ധാന്യങ്ങള്‍ക്കും വേണ്ടി
അവളുടെ കുഞ്ഞുങ്ങള്‍ക്കും
കഠിനമായ വേലകള്‍ക്കും വേണ്ടി
അവള്‍ക്ക് വേണം അരി
തലയ്ക്ക് മേലൊരു മേല്‍ക്കൂര
പുതയ്ക്കാനൊരു പുതപ്പ്
ഒപ്പക്കാരൊപ്പം തുല്യതയോടെ നടപ്പ്

ഈ സ്ത്രീക്കായി ഇതാ
അല്‍പം സ്‌നേഹം
അല്‍പം വാഴ്ത്ത്
നന്ദി നിറഞ്ഞ കണ്ണീര്
ഞങ്ങളെ പെറ്റതിന്
പോറ്റിയതിന്
ഈ മണ്ണിലും ചെളിയിലും
പൊറുത്തതിന്
ഏതോ കൊച്ചുവര്‍ത്തമാനത്തിനിടയില്‍
വീട്ടില്‍ നിന്ന് വയലിലേക്കെന്ന പോല്‍
അത്ര അനായാസം
ഞങ്ങളെ വിട്ടു പോയതിനും.