കല്പറ്റ: ആദിവാസി ഗോത്രവര്‍ഗ്ഗ അടിയ വിഭാഗത്തിലുള്ള തങ്ങളുടെ ഭൂമി, കോടതിയില്‍ നിന്നും ഏകപക്ഷീയമായി വിധി സമ്പാദിച്ച് കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പരാതിക്കാരിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
പട്ടിക വര്‍ഗ്ഗക്കാരുടെ ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമുള്ള സാഹചര്യത്തില്‍ നിയമാനുസൃതം കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്ന് മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പി എ ആന്റണി എന്നയാള്‍ക്ക് ഈസ്‌മെന്റ് റൈറ്റ് (easement right) അനുവദിച്ചുത്തരവായ സ്ഥിതിക്ക് കമ്മീഷന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
എന്നാല്‍ ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ആന്റണി എന്നയാള്‍ അസഭ്യം പറയാറുണ്ടെന്നും ഏകപക്ഷീയമായ വിധി എങ്ങനെയുണ്ടായെന്നറിയില്ലെന്നും പരാതിക്കാരിയായ കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനി സ്വദേശിനി ജയ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പരാതിക്കാരിയുടെ അമ്മയുടെ അച്ഛനായ സിദ്ധന് മാനന്തവാടി തഹസീല്‍ദാര്‍ 994/65 നമ്പറായി പട്ടയം അനുവദിച്ച ഭൂമിയാണ് കൈയ്യേറിയിരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ ഒരുഭാഗം സെലീന ടോമി എന്നിവര്‍ക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടായ ഉടമസ്ഥതയിലുള്ള ഭൂമി ഒരാള്‍ മറ്റുള്ളവരുടെ സമ്മതമോ അറിവോ കൂടാതെ രേഖാമൂലമോ അല്ലാതെയോ കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും പട്ടിക വര്‍ഗ്ഗ വകുപ്പ് കമ്മീഷനെ അറിയിച്ചു. വയനാട് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2009 ഫെബ്രുവരി 25 ന് OS.5/2009 വിധി പ്രകാരം പി എ ആന്റണി എന്നയാള്‍ക്ക് ഈസ്‌മെന്റ് റൈറ്റ് അനുവദിച്ച് കോടതി ഉത്തരവായിട്ടുണ്ടെന്ന് പറയുന്നു.