കോഴിക്കോട്: തീഗോളങ്ങള്‍ മറികടന്ന് മാസ്മരിക പ്രകടനവുമായി 122 ഇന്‍ഫന്ററി ബറ്റാലിയന് ടീം. ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് കരസേനയുടെ 122 ഇന്‍ഫന്ററി ബറ്റാലിയന് (ടി എ) മദ്രാസ്, വെസ്റ്റ്ഹില്‍ ടീമിന്റെ നേതൃത്വത്തില്‍ ആര്‍മി മാര്‍ഷ്വല്‍ ഷോ അവതരിപ്പിച്ചത്.
ചെണ്ടമേളത്തോടെ തുടങ്ങിയ പരിപാടിയില്‍ ഫയര്‍ ഡാന്‍സും വാളും പരിചയും ഉറുമിയും ഉപയോഗിച്ചുള്ള കളരിമുറകളും അരങ്ങേറി. ഓരോ പ്രകടനവും ശ്വാസം അടക്കിപ്പിടിച്ചാണ് കാണികള്‍ കണ്ടു തീര്‍ത്തത്. എതിരാളികളെ ആയുധമില്ലാതെ കീഴടക്കുന്ന അഭ്യാസമുറകളും അവതരിപ്പിച്ചു.
കേണല്‍ ഡി നവീന്‍ ബന്ജിത്തിന്റെ നേതൃത്വത്തിലുള്ള 30 പേരടങ്ങിയ സംഘമാണ് നല്ലൂര് ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകീട്ട് സംഗീതആയോധന കലാപരിപാടി അവതരിപ്പിച്ചത്.