കോഴിക്കോട്: രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വേറിട്ട രുചികളുമായി ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് മൂന്നാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യമേള. ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടന്‍ വിഭവങ്ങള്‍ മുതല്‍ രുചി ലോകത്തെ പുത്തന്‍ തരംഗങ്ങളുടെ നിര തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെല്‍കം ഡ്രിങ്കില്‍ തുടങ്ങി ചൂടോടെ പാകം ചെയ്ത് നല്‍കുന്ന കിഴി പൊറോട്ട, പോത്തുംകാല്‍ ചുട്ട ഷവര്‍മ്മ, ജബുലാനി ഐസ് മിസ്റ്റ്, പാനി പുരി, ഭേല്‍ പുരി തുടങ്ങിയ അടിപൊളി പഞ്ചാബി ഭക്ഷണങ്ങള്‍, വിവിധ തരം ബിരിയാണികള്‍, കോഴിക്കോടിന്റെ തനത് വിഭവങ്ങള്‍ എന്നിവയാണ് ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്.
ദോശകളുടെ വൈവിധ്യവുമായി ദോശമേള, പായസമേള എന്നിവയാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി, ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വെറൈറ്റി മലബാറി ബിരിയാണികളും മനസ്സു നിറയെ ഇവിടെ നിന്നും കഴിക്കാം. ചക്ക, മാങ്ങ, തേങ്ങ ഐസ്‌ക്രീമുകളുള്ള സ്റ്റാളുകളില്‍ കുട്ടികളാണ് കൂടുതലുമെത്തുന്നത്.
ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ മീന്‍ കട്‌ലറ്റ്, കല്ലുമ്മക്കായ നിറച്ചത്, തുടങ്ങിയ മത്സ്യരുചികളുടെ കലവറ വേറെയുണ്ട്.