ഗ്രേസ്മാര്‍ക്ക് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത് പരിഗണിക്കും: വിദ്യാഭ്യാസ മന്ത്രി

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

കാക്കവയല്‍: ഗ്രേസ്മാര്‍ക്ക് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പുസ്തകം വായിച്ച് പ്രോജക്ട് തയ്യാറാക്കുന്നവര്‍ക്ക് കൂടി ഗ്രേസ്മാര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വയനാട് ജില്ല പഞ്ചായത്ത് നവീകരിച്ച ലൈബ്രറിയുടെയും ഇന്റര്‍ ആക്ഷന്‍ പാനല്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നവയുടേയും ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌ക്കൂളുകളില്‍ ലൈബ്രറികള്‍ സജ്ജമാക്കുന്നത്. പൊതുവിദ്യാലയങ്ങളെ അക്കാദമികവും ഭൗതികവുമായി ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് വിദ്യാലയങ്ങളില്‍ സജ്ജമാക്കുന്ന ആധുനിക സൗകര്യങ്ങളോടു കുടിയുള്ള ലൈബ്രറികളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കാക്കവയല്‍ സ്‌ക്കൂളില്‍ സജ്ജമാക്കിയ സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളെ പരിചയപ്പെടുത്തുന്ന ഇന്ററാക്ടീവ് പാനലോട് കൂടിയ സ്മാര്‍ട്ട് റൂമിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഈ സൗകര്യമുളള ഏക വിദ്യാലയമാണ് കാക്കവയല്‍. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. ജില്ല പഞ്ചായത്തിന്റെ നൂതന പദ്ധതിയായി അവതരിപ്പിച്ച ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജില്ലയിലെ ഇരുപതോളം വിദ്യാലയങ്ങളില്‍ കൂടി ഇന്ററാക്ടീവ് പാനലോട് കൂടിയ സ്മാര്‍ട്ട് റൂമുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഇതിനായി 1 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അമ്മവായന ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടനും പ്രതിഭകളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മുഹമ്മദ് ബഷീറും നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഉഷാതമ്പി, ബീന ജോസ്, മീനാക്ഷി രാമന്‍, സീത വിജയന്‍, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരന്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സക്കറിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *