കല്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള ദമ്പതികളുടെ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നിര്‍ദ്ദേശം നല്‍കി. മേയ് 15ന് കല്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെ കരാര്‍ ഡോക്ടറെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് ലീല ദമ്പതികളുടെ ആറു മാസം പ്രായമുള്ള മകനാണ് മരിച്ചത്. മാര്‍ച്ച് 22നാണ് കുഞ്ഞ് മരിച്ചത്. കടുത്ത ന്യുമോണിയയും വിളര്‍ച്ചയുമാണ് മരണകാരണമെന്ന് പറയുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.