നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
മാനന്തവാടി: പുരോഗമനത്തിന്റെ വേഷം കെട്ടിയും സ്വതന്ത്ര ചിന്തകള്‍ കുത്തിനിറച്ചും ശോഭന ഭാവി സ്വപ്നം കാണേണ്ട വിദ്യാര്‍ത്ഥികളെ മയക്കി കിടത്താന്‍ ശ്രമിക്കുന്ന ലഹരി മാഫികള്‍ക്കെതിരെ സമരാഹ്വാനം മുഴക്കി എസ് എസ് എഫ് വയനാട് ജില്ലാ റാലി മാനന്തവാടിയില്‍ സമാപിച്ചു. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായി ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ നടത്തിയ ജില്ലാ റാലി മാനന്തവാടിക്ക് നവ്യാനുഭവമായി. ജില്ലയിലെ 5 ഡിവിഷനുകളില്‍ നിന്നുള്ള ഐന്‍ടീം അംഗങ്ങളടങ്ങുന്ന രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ റാലിയുടെ ഭാഗമായി. വൈകിട്ട് നാലിന് താഴങ്ങാടി നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ സമാപിച്ചു. പ്രത്യേക യൂനിഫോമിലാണ് ഐന്‍ ടീം അംഗങ്ങള്‍ റാലിയില്‍ അണിനിരന്നത്. റാലിക്ക് പുതിയ ജില്ലാ ഭാരവാഹികള്‍ നേത്യത്വം നല്‍കി.
തുടര്‍ന്ന് ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ നടന്ന സമാപന പൊതു സമ്മേളനം എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സ്വാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. പുതിയ ജില്ലാ ഭാരവാഹികളെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് ഷറഫുദ്ദീന്‍ അഞ്ചാംപീടിക പ്രഖ്യാപിച്ചു. കെ എസ് മുഹമ്മദ് സഖാഫി,
മുഹമ്മദലി സഖാഫി പുറ്റാട്, മുഹമ്മദ് സഈദ് ഷാമില്‍ ഇര്‍ഫാനി സംസാരിച്ചു. കെ കെ മുഹമ്മദലി ഫൈസി, മജീദ് മാസ്റ്റര്‍ തലപ്പുഴ, ഡോ. ഇര്‍ഷാദ്, ഷമീര്‍ ബാക്കവി, ഫള്‌ലുല്‍ ആബിദ്, ജസീല്‍ പരിയാരം സംബന്ധിച്ചു. നൗഫല്‍ പിലാക്കാവ് സ്വാഗതവും ഹാരിസ് റഹ്മാന്‍ വാര്യാട് നന്ദിയും പറഞ്ഞു.