മുന്നേറ്റത്തിന്‍റെ മൂന്ന് വര്‍ഷങ്ങള്‍ കര്‍മ്മ മണ്ഡലത്തില്‍ പുതിയ അധ്യായങ്ങള്‍ തുന്നിചേര്‍ത്ത് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ പടിയിറങ്ങി

Kozhikode

ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിന്റെ വികസന സാക്ഷ്യങ്ങള്‍ക്ക് പുതിയ താളുകള്‍ തുന്നിചേര്‍ത്ത് ദൗത്യ സാക്ഷാത്ക്കാരത്തിന്റെ സായൂജ്യവുമായി കാട്ടില്‍ മൊയ്തു മാസ്റ്റര്‍ പടിയിറങ്ങി . യു ഡി എഫിന്റെ ധാരണ പ്രകാരം മുസ്ലിം ലീഗിന് ലഭിച്ച ആദ്യ ടേം പ്രസിഡന്റ് പദത്തിന്റെ കാലാവധി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സീതളയ്ക്ക് രാജി സമര്‍പ്പിച്ചു കൊണ്ട് തന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് പടിയിറങ്ങി. അടുത്ത രണ്ട് വര്‍ഷം കോണ്‍ഗ്രസിനുള്ളതാണ്.

പഞ്ചായത്തിന്റെ വികസന മുന്നേറ്റത്തില്‍ ഒട്ടേറെ പുതിയ അധ്യായങ്ങള്‍ കൂട്ടി ചേര്‍ത്താണ് കര്‍മ്മ പഥത്തിലെ സൗമ്യ സാന്നിധ്യം ചുമതലകള്‍ ഒഴിയുന്നത്. ആരോപണങ്ങളയും ആശങ്കളയും സ്വതസിദ്ധമായ ചിരിയും സൗമ്യതയും കൊണ്ട് നേരിട്ട് വികസന പാതയിലെ പ്രതിസന്ധികളെ ധീരമായ ഇടപെടലുകളിലൂടെ തരണം ചെയ്ത് പ്രാദേശിക വികസന ചരിത്രത്തില്‍ പുതിയ മാതൃകകള്‍ രചിച്ച കാട്ടില്‍ മൊയ്തു മാസ്റ്റരുടെ വികസന പട്ടിക ഏറെ നീണ്ടതാണ്.

ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കുടിവെള്ളമെത്തിക്കാനും, ത്രീഫേസ് കണക്ഷന്‍ ആക്കാനും, ആളനക്കം നിലച്ച കമ്യൂണിറ്റി ഹാള്‍ നവീകരികരിച്ച് പൊതുജനത്തിന് സമര്‍പ്പിക്കാനും, ആശ്രയമറ്റവര്‍ക്ക് ആശ്വാസം പകരുന്ന സ്വാന്തന സഹായത്തിന്റെ ഭാഗമായി വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം നല്കാനും അടിസ്ഥാന വികസനത്തില്‍ കുതിച്ചു ചാട്ടമായി സഞ്ചാര യോഗ്യമല്ലാത്ത 150 ല്‍ പരം റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ച് യാത്രാ ക്ലേശം പരഹരിക്കാന്‍ കോടികള്‍ അനുവദിച്ചതും ആയഞ്ചേരി ടൗണിലുള്ള ബസ് സ്റ്റാന്റിലെ ടോയ്‌ലറ്റ് നിര്‍മ്മാണവും കമ്യൂണിറ്റിഹാളിലെ പൊതു ടോയ്‌ലറ്റും പൂര്‍ത്തീകരിച്ചതും വികസന വീഥിയിലെ ചില കാല്‍ വെപ്പുകള്‍ മാത്രം.

വികസിത പാതയില്‍ മുന്നേറുന്ന ആയഞ്ചേരി ടൗണിലടക്കമുള്ള മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനും മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയ്ക്ക് പരിശീലനം നല്‍കി 100 ശതമാനം യൂസര്‍ ഫീ പിരിക്കാനും പ്രസിഡന്റ് മുന്നില്‍ നിന്ന് നയിച്ചത് ആയഞ്ചേരിക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. LDF ഭരണകാലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മാലിന്യ കൂമ്പാരങ്ങളെ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ച് ആയഞ്ചേരിക്കാര്‍ക്ക് കരുതലൊരുക്കാന്‍ മൊയ്തു മാസ്റ്റര്‍ മുമ്പിലുണ്ടായിരുന്നു.

പഞ്ചായത്തിന്റെ വരുമാന രംഗത്ത് പുതിയ ചരിത്രം രചിച്ച് 100 ശതമാനം നികുതി പിരിച്ചെടുക്കുന്നതിലും കഴിവ് തെളിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 20 കോടിയോളം രൂപ ചിലവഴിച്ച് വ്യക്തിഗത ആനുകൂല്ല്യവും, തൊഴിലാളിക്ക് വേദനവുമെത്തിച്ച് ദാരിദ്ര നിര്‍ജ്ജന രംഗത്ത് തന്റേതായ വികസനം യാഥാര്‍ത്ഥ്യമാക്കി. എല്ലാ വാര്‍ഡുകളിലും തൊഴിലാളികള്‍ക്ക് എടുത്താല്‍ തീരാത്തത്ര തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്.

വടകര താലൂക്കിലെ നെല്ലറ എന്ന് അറിയപ്പെടുന്ന കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വ് പകര്‍ന്ന പുതിയ കാല്‍ വെപ്പുകള്‍ നടത്തി. കര്‍ഷകര്‍ക്ക് സാന്ത്വനമായി ഡ്രോണ്‍ പരിചയപ്പെടുത്തിയത് വലിയ നേട്ടമായി. ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി 25 ഏക്കര്‍ തരിശു ഭൂമി കൃഷിയോഗ്യമാക്കാന്‍ മുന്നില്‍ നയിച്ച മൊയ്തു മാസ്റ്റര്‍ കര്‍ഷക മേഖലയില്‍ ഉയിര്‍ത്തെഴുന്നേല്പിന് ആക്കം കൂട്ടി. കാലുഷ്യത്തിന്റെ നാളുകളെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ കൈപിടിയിലൊതുക്കാനും കരുതലോടെ മുന്നോട്ട് പോകാനും മൊയ്തു മാസ്റ്റരുടെ കര്‍മ്മോത്സുതത കോവിഡ്, നിപ്പ കാലങ്ങളില്‍ ഏറെ തുണയായി.

ആരോഗ്യ മേഖലയില്‍ ആയൂര്‍വേദ ഹോസ്പിറ്റല്‍ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന തെയ്യത്താം കാട്ടില്‍ സബ് സെന്റര്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തി മാതൃക കാട്ടി. പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തനം സാന്ത്വന പരിചരണ രോഗികള്‍ക്ക് വലിയ സഹായ ഹസ്തമായി പ്രവര്‍ത്തിച്ചു.

രണ്ട് കോടി എഴുപത് ലക്ഷം രൂപ നാല് ശതമാനം പലിശനിരക്കില്‍ 104 കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ കൊടുത്തും അടഞ്ഞുകിടന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതും ജനങ്ങള്‍ക്ക് നവ്യാനുഭവമായി. ജല്‍ജീവന്‍, കേരഗ്രാമവും തുടങ്ങി വലിയ പദ്ധതികളിലെ ഉള്‍ക്കാഴ്ച പദ്ധതി ത്വരിതഗതിയിലായി.

പട്ടികജാതി വിഭാഗക്കാര്‍ക്ക് വാദ്യോപകരണങ്ങള്‍, അഭ്യസ്തവിദ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പുകള്‍, മേശ കസേര, റോഡുകള്‍, പുതിയ വീടുകള്‍, വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് ധനസഹായം തുടങ്ങി പട്ടികജാതി മേഖലയ്ക്ക് വലിയ കരുത്താണ് പകര്‍ന്നിട്ടുള്ളത്.

പഞ്ചായത്തില്‍ സെക്രട്ടറിയെയും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കാതെ ചക്രശ്വാസം വലിപ്പിച്ചത് വലിയ വെല്ലുവിളിയായിരുന്നു. പുതുമുഖങ്ങളെ നിയമിച്ചും പഞ്ചായത്തുമായി യാതൊരു ബന്ധമില്ലാത്തവരെ നിയമിച്ചും പ്രാക്‌സീസ് നടത്തുന്ന ഒരിടമായി പഞ്ചായത്ത് മാറിയത് കൊണ്ട് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്. കൂടാതെ നിയമിച്ചവരെ ആഴ്ചതോറും തിരിച്ചെടുത്തും ജന സേവനം തടസ്സപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.

മാസങ്ങളോളം കൃഷി ഓഫീസറെയും, അസിസ്റ്റന്റുമാരെയും നിയമിക്കാതെ കര്‍ഷകരോടും കാര്‍ഷിക മേഖലയോടും ചെയ്തത് വലിയ ക്രൂരതകളാണ്. ആറ് മാസത്തേളം വെറ്റിനറി ഡിപ്പാര്‍ട്ട് മെന്റില്‍ ഡോക്ടറെയും സ്റ്റാഫിനെയും നിയമിച്ചിരുന്നില്ല. പൊതുമാരാമത്ത് ഓഫീസില്‍ ഇപ്പഴും അസിസ്റ്റന്റ് എഞ്ചിനിയറും ഓവര്‍സിയര്‍മാരും ഇല്ല എന്നത് റോഡ് നിര്‍മ്മാണത്തിനും കെട്ടിട നിര്‍മ്മാണത്തിനും വലിയ വിലങ്ങ് തടിയായിട്ടുണ്ട്. നിപ കാലഘട്ടത്തിലും , കോവിഡ് കാലഘട്ടത്തിലും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടറോ, ജീവനക്കാരോ ഇല്ലായിരുന്നു എന്നതാണ് ഏറെ പ്രയാസം സൃഷ്ടിച്ചത്.

ഐ സി ഡി എസ് ഓഫീസര്‍ ഇല്ലാതെ താല്‍ക്കാലിക ചുമതല നല്‍കി കുട്ടികളുടെയും വൃദ്ധരുടെയും ക്ഷേമ പ്രവര്‍ത്തനവും തടസ്സപ്പെടുന്നുണ്ട്. ഇതൊക്കെ പരിഹരിക്കാന്‍ 10 ഡഉഎ മെമ്പര്‍മാറരെയും കൂട്ടി തിരുവനന്തപുരത്തെ വിവിധ ഡയരക്ടര്‍മാരെയും , വിവിധ സമയങ്ങളില്‍ ജില്ലാ കലക്ടറെയും ഉഉജ യെയും നേരില്‍ കണ്ടിട്ടുണ്ടായിരുന്നിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല. എന്നാലും ഇതൊക്കെ അതിജീവിച്ചും ഭരണം കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന ബോധത്തിലൂടെയാണ് പടിയിറക്കമെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍, വികസന കാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളിലാട്ട് അഷറഫ്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെര്‍പേഴ്‌സന്‍ പി.എം. ലതിക, മെമ്പര്‍മാരായ എ.സുരേന്ദ്രന്‍, ഷൈബ എം.വി, അസിസ്റ്ററ്റ് സെക്രട്ടറി രാജീവന്‍ തുടങ്ങിയവര്‍ രാജി സമര്‍പ്പണത്തില്‍ സന്നിഹിതരായി.