അണക്കെട്ടില്‍ വീണ നായയെ രക്ഷിക്കാന്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു, നായ നീന്തിക്കയറി

Uncategorized

ഭോപ്പാല്‍: അണക്കെട്ടില്‍ വീണ നായയെ രക്ഷിക്കാന്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. നായ നീന്തി രക്ഷപ്പെട്ടു. 23കാരനായ സരള്‍ നിഗമാണ് മരിച്ചത്. ഭോപ്പാല്‍ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ ബിടെക് ബിരുദം നേടിയ സരള്‍ നിഗം യു പി എസ് സി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അപകടത്തില്‍ ജീവന്‍ നഷ്ടമാകുന്നത്.

ഭോപ്പാല്‍ നഗരത്തിന് 10 കിലോമീറ്റര്‍ അകലെ കെര്‍വ ഡാമിലാണ് ദുരന്തം നടന്നത്. ഇവിടേയ്ക്ക് രാവിലെ ഏഴരയോടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാന്‍ പോയതായിരുന്നു സരള്‍. ഇതിലൊരാളുടെ നായ അണക്കെട്ടിലെ റിസര്‍വോയറില്‍ ചാടുകയായിരുന്നു.

സരള്‍ മുങ്ങുന്നത് കണ്ടയുടനെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ സഹായത്തിനായി നിലവിളിച്ചു. ഇത് കേട്ട് ക്യാമ്പിലെ വാച്ച്മാന്‍ ഓടിയെത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.