തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും. മുഖ്യമന്ത്രിയുടെ കൈകള്‍ കറ പുരളാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പിണറായി വിജയനെ എം വി ഗോവിന്ദന്‍ പുകഴ്ത്തിയത്.
സംശുദ്ധ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്. സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡല്‍ കുടുംബശ്രീയാണ്. സ്ത്രീ ശാക്തീകരണ ചരിത്രത്തില്‍ നിന്ന് ബോധപൂര്‍വ്വം ചില പേരുകള്‍ പ്രധാനമന്ത്രി മോദി ഒഴിവാക്കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളാണ് സ്വര്‍ണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത്. വിമാനത്താവളം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെന്നും എവിടെയാണ് സ്വര്‍ണക്കടത്ത് കേസ് പോയതെന്നും അദ്ദേഹം ചോദിക്കുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്തായിരുന്നു കേന്ദ്രത്തിന് തടസം. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണ്. കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണെന്നും സ്വര്‍ണക്കത്ത് വസ്തുതാപരമായി അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.