തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വേതന കണക്കുകള്‍ മറ്റ് ചെലവുകളുമായി കൂട്ടിച്ചേര്‍ത്ത് പെരുപ്പിച്ച് കാണിക്കുന്ന ഒരു ശൈലിയാണ് സര്‍ക്കാരുകള്‍ തുടരുന്നതെന്നും 2019 ന് ശേഷം ജീവനക്കാര്‍ക്ക് നാളിതുവരെയായി ശമ്പളത്തില്‍ ഒരു രൂപയുടെ വര്‍ദ്ധനവ് പോലും ഉണ്ടായിട്ടില്ലെന്നും വില സൂചിക 100 ശതമാനത്തിലധികം വര്‍ദ്ധിച്ച് ജീവിത ചെലവ് അനിയന്ത്രിമായ ഈ ഘട്ടത്തില്‍ സാധാരണക്കാരായ ജീവനക്കാരെല്ലാം വായ്പയെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ട സാഹചര്യത്തിലാണെന്നും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബദല്‍ എന്ന വിപ്ലവകരമായ പുരോഗമന ഭരണനിര്‍വ്വഹണം മുന്നോട്ടു കൊണ്ടു പോകുന്നതിന് സംതൃപ്തമായ സിവില്‍ സര്‍വീസ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. മറ്റ് മേഖലകളില്‍ പണം ചെലവഴിക്കുന്നതിന് ഒരു നിയന്ത്രണവുമില്ലാതെ മുന്നോട്ടു പോകുമ്പോള്‍ സാധാരണക്കാരായ നിശ്ചിത വേതനം ലഭ്യമാകുന്ന ജീവനക്കാരുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ സ്വീകരിക്കുന്ന പക്ഷപാത നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ വേതനഘടന എല്ലാ മേഖലകളിലും ഇന്ത്യന്‍ ശരാശരിയുടെ മൂന്നിരട്ടി ആകുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നതും സര്‍ക്കാര്‍ പരിഗണിക്കണം. അര്‍ഹതപ്പെട്ട അവധി ദിനങ്ങളിലും കൂടി പണിയെടുക്കുന്നതിന് പകരമായിട്ടാണ് വര്‍ഷങ്ങളായി ലീവ് സറണ്ടര്‍ അനുവദിച്ചു വരുന്നത്. താഴ്ന്ന ശമ്പളമുള്ളവരുടെ ഏക ആശ്രയമാണ് ലീവ് സറണ്ടര്‍. ഇത് മരവിപ്പിച്ചതിലൂടെ ഒരു വിഭാഗം ജീവനക്കാരെ സര്‍ക്കാര്‍ കടക്കെണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. മെഡിസെപ് ആഹ്ലാദപൂര്‍വ്വം ജീവനക്കാരും അദ്ധ്യാപകരും പെന്‍ഷന്‍കാരും അവരുടെ കുടുംബങ്ങളും സ്വീകരിച്ചതാണെങ്കിലും ഇപ്പോള്‍ കുത്തക ആശുപത്രികളുടെ പിടിവാശിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കുകയാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പിലാക്കി സ്വകാര്യ ആശുപത്രികളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനും മെഡിസെപ് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.
മുഴുവന്‍ ജീവനക്കാരെയും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരികെ കൊണ്ടു വരുന്നതിന് നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പങ്കാളിത്ത പെന്‍ഷന്‍ എന്ന വലതുപക്ഷ സാമ്പത്തിക പദ്ധതിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പി.എഫ്.ആര്‍.ഡി.എ നിയമം ഇതിന് തടസ്സമല്ലെന്ന് മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ തെളിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ്ഖാന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വി.കെ.മധു, യൂ.സിന്ധു, എസ്.ആര്‍.രാഖേഷ്, ആര്‍.സിന്ധു, ബീനാഭദ്രന്‍, വി.ശശികല, സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ്.വി.നമ്പൂതിരി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ്‌കണ്ടല എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലയില്‍ 5 താലൂക്കുകളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.ഹരീന്ദ്രനാഥ്, എം.എം.നജിം എന്നിവര്‍ നെടുമങ്ങാട്,കാട്ടാക്കട എന്നീ സിവില്‍ സ്‌റ്റേഷനുകളിലേക്കും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.സജീബ്കുമാര്‍, വി.ബാലകൃഷ്ണന്‍ നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ സിവില്‍ സ്‌റ്റേഷനിലേക്കും നോര്‍ത്ത് ജില്ലാസെക്രട്ടറി കെ.സുരകുമാര്‍ വര്‍ക്കല സിവില്‍ സ്‌റ്റേഷനിലേക്കുള്ള മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു.