ചരിത്രം ആവര്‍ത്തിക്കാന്‍ വീണ്ടും പൊന്നിയിന്‍ സെല്‍വന്‍ പി എസ്2 ഏപ്രില്‍ 28ന്, മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു!!!

Cinema

കൊച്ചി: മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ രണ്ടു ഭാഗങ്ങളുള്ള പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗമായ പി എസ്1 കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ലോക വ്യാപകമായി റീലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതു വരെയുള്ള റെക്കോര്‍ഡ് തകര്‍ത്തു കൊണ്ട് പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ആഗോള തലത്തില്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ തൂത്തു വാരിയ സിനിമയാണിത്. മണിരത്‌നത്തിന്റെ ഡ്രീം പ്രോജേക്റ്റായ ഈ ചിത്രത്തെ കുറിച്ചുള്ള ചൂടു പിടിച്ച ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇന്നും തുടരുകയാണ്. താര നിബിഡമായ പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ പി എസ് 2 നെ പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇത്തരുണത്തില്‍ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ച്, റിലീസിനു മുന്നോടിയായി മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി പ്രേക്ഷകരുടെ ആകാംഷയും പ്രതീക്ഷയും ഇരട്ടിയാക്കിയിരിക്കയാണ് നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും. ഏപ്രില്‍ 28 നാണ് പി എസ്2 പ്രദര്‍ശനത്തിനെത്തുക. സിനിമയുടെ ഇന്നേ വരെയുള്ള ചരിത്രത്തില്‍ ജന പ്രീതിയുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് പിഎസ്1 തിരുത്തി കുറിച്ചത്. കേരളത്തിലും പിഎസ്1 ആവേശകരമായ ഉജ്ജ്വല വിജയം നേടി. കേരളത്തില്‍ നിന്നു മാത്രം ചിത്രം ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ കളക്ഷന്‍ നേടിയതായിട്ടാണ് റിപ്പോര്‍ട്ട്.ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.

കോവിഡാനന്തരം സിനിമയുടേയും തിയറ്ററുകളുടെയും ഭാവി ആശങ്കയിലാണ് എന്ന് കരുതിയ വേളയില്‍ കുട്ടികള്‍ മുതല്‍ തൊണ്ണൂറു പിന്നിട്ട വൃദ്ധരെ വരെ തിയറ്ററുകളിലേക്ക് ആകര്‍ഷിച്ച് ചരിത്രം തിരുത്തി കുറിച്ചു പൊന്നിയിന്‍ സെല്‍വന്‍1. ഇനി രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ ഭാഗത്തില്‍ നാല്പത്തി എട്ടില്‍ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഇനി രണ്ടാം (പിഎസ്2) ഭാഗത്തിലാണ് യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാന്‍, ശരത് കുമാര്‍, ജയറാം, ബാബു ആന്റണി, ലാല്‍,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തര്‍ധാരയിലൂടെയത്രെ രണ്ടാം ഭാഗത്തിന്റെ സഞ്ചാരം.ഏ. ആര്‍.റഹ്മാന്റെ സംഗീതവും , രവി വര്‍മ്മന്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും പൊന്നിയിന്‍ ശെല്‍വനിലെ ആകര്‍ഷക ഘടകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *