പാട്‌ന: ഭാര്യ ഇന്‍സ്റ്റാഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ യുവാവിനെ ഭാര്യാപിതാവും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവ് ഭാര്യ ഇന്‍സ്റ്റാഗ്രാമില്‍ റീലുകള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഭാര്യയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മഹേശ്വര്‍ കുമാര്‍ റായ് ആറ് വര്‍ഷം മുമ്പാണ് റാണി കുമാരിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന്റെ ഭാര്യ വൈറല്‍ ഗാനങ്ങളുടെ റീലുകള്‍ ഉണ്ടാക്കി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് 9,500ലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഭാര്യ റീല്‍ ഉണ്ടാക്കുന്നതിനെ മഹേശ്വര് എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം.