കോഴിക്കോട്: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം ആസ്പദമായുള്ള ചര്‍ച്ചയില്‍, ഹിന്ദുത്വം എങ്ങനെയാണ് ഇന്ത്യയില്‍ വേരുറപ്പിച്ചതെന്നും സവര്‍ക്കര്‍ ഏത് തരത്തിലാണ് ഹിന്ദുത്വവാദത്തിന്റെ പ്രചാരത്തിന് കാരണമായതെന്നും പി. എന്‍ ഗോപികൃഷ്ണന്‍ വിശദീകരിച്ചു.
വസ്തുതകളുടെ സമാഹാരമാണ് ഈ പുസ്തകമെന്ന് പറഞ്ഞു കൊണ്ട്, ഹിന്ദുത്വരാഷ്ട്രീയം എങ്ങനെയാണ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത് എന്ന് പി. എന്‍. ഗോപികൃഷ്ണന്‍ തുറന്നുകാണിക്കുന്നു. 1946 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന സൂചന കിട്ടിയതിന് ശേഷം ഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര പോരാളികള്‍ ഹിന്ദുത്വത്തിന് എതിരായി പോരാടി. ഗാന്ധി വധത്തിന് ശേഷം സ്വീകാര്യത നഷ്ടപ്പെട്ട സവര്‍ക്കറെ വെള്ളപൂശലാണ് കാലങ്ങളായി ഹിന്ദുത്വത്തിന്റെ പ്രചാരത്തിന് ഹിന്ദുത്വവര്‍ഗ്ഗീയ വാദികള്‍ ചെയ്യുന്നത്. 2003ല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉയര്‍ന്ന സവര്‍ക്കറുടെ ഫോട്ടോയും, ‘ആന്‍ഡമാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ ‘വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ട്’ ആയി മാറിയതും സവര്‍ക്കറെ കൃത്യമായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി 2023 മാര്‍ച്ച് 28 ലെ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് സവര്‍ക്കറുടെ ജന്മദിനത്തില്‍ തന്നെ ആഘോഷിക്കുമ്പോഴും ആ സത്യത്തെ ഓര്‍ക്കാന്‍ പോലും കഴിയാതെ ഇന്ത്യയിലെ മനുഷ്യരെ മറവി വിഴുങ്ങിയിരിക്കുന്നു എന്ന് ഗോപീകൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തുന്നു.
നുണയുടെ രാഷ്ട്രീയം പ്രാഥമിക സത്യമായി മാറുന്ന കാലത്ത് ചരിത്രത്തില്‍ മനഃപൂര്‍വം രേഖപ്പെടുത്താതെ വിടുന്ന വസ്തുതകളെയും, ഹിറ്റ്‌ലര്‍, മുസോളിനി, തുടങ്ങിയ ഏകാധിപതികള്‍ മുന്നോട്ട് വെച്ച ഫാസിസത്തില്‍ നിന്ന് ഹിന്ദുത്വ ഫാസിസം എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്നതും, ഹിംസാത്മകമായ ഹിന്ദുത്വത്തെ കുറിച്ചും ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന കൃതി ചര്‍ച്ച ചെയ്യുന്നു എന്ന് ഗോപീകൃഷ്ണന്‍ പറഞ്ഞു.
ഹിന്ദുത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് മഹാ അപരാധമാണെന്നും അത് ഹിന്ദുക്കളെ നോവിക്കലാണെന്നുമാണ് ഹിന്ദുത്വം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് എന്ന് കെ. ടി കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാണിച്ചു. ജാതിഫ്യൂഡല്‍ വ്യവസ്ഥയാണ് ഹിന്ദുത്വത്തിന്റെ ആവിര്‍ഭാവത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.