കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ 26ന് നടത്തുന്ന റാലിയില്‍ ഐ എന്‍ എല്ലിന്റെ പേരോ പതാകയോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന് കോടതിയുടെ ഉത്തരവ്. കോഴിക്കോട് മൂന്നാം അഡീഷണല്‍ സബ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയുടെ 2022 ഒക്‌ടോബര്‍ മാസം 12-ാം തിയ്യതിയലെ ഉത്തരവ് ലംഘിച്ച് ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും പരിപാടി മുഴുവനും വീഡിയോയില്‍ പകര്‍ത്തുവാനും നിര്‍ദ്ദേശിച്ച് അഭിഭാഷക കമ്മീഷനെയും കോടതി നിയമിച്ചു. അഡ്വക്കറ്റ് അര്‍ജുന്‍ ബാബുവിനെയാണ് കോടതി കമ്മീഷനായി നിയമിച്ചത്.
26ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന എ പി അബ്ദുല്‍ വഹാബ്, നാസര്‍ കോയ തങ്ങള്‍ എന്നിവരുടെ അപേക്ഷ കോടതി തള്ളി. ഐ എന്‍ എല്ലിന്റെ പേരില്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഇവരെ അനുവദിക്കുന്ന പക്ഷം ആയത് കോടതിയുടെ ഇഞ്ചങ്ഷന്‍ ഉത്തരവിന്റെ ലംഘനമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
പൊലീസിനെ ഇപ്പോള്‍ ഈ ഘട്ടത്തില്‍ ഇടപെടുവിക്കേണ്ട ആവശ്യമില്ലെന്നും കമ്മീഷ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഞ്ചങ്ഷന്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ പിന്നീട് കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി ചില ഉപാധികളും പൊലീസ് നല്‍കിയിട്ടുണ്ട്. അതുപ്രകാരം ഐ എന്‍ എല്ലിന്റെ പേരോ പതാകയോ ചിഹ്‌നങ്ങളോ പരിപാടിയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ (കോഴിക്കോട് ടൗണ്‍ ഡിവിഷന്‍) സംഘാടകര്‍ക്ക് കര്‍ശന താക്കീതും നല്‍കിയിട്ടുണ്ട്.
ഐ എന്‍ എല്‍ ദേശീയ നേതൃത്വത്തിന് വേണ്ടി അഡ്വക്കറ്റ് മുനീര്‍ അഹ്മദ്, മുദസ്സര്‍ അഹ്മദ് എന്നിവരും മറുപക്ഷത്തിന് വേണ്ടി അഡ്വക്കറ്റ് കെ ബി ശിവരാമകൃഷ്ണന്‍, പി എസ് മുരളി എന്നിവരും കോടതിയില്‍ ഹാജരായി.