നമ്മുടെ കൈകളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ ചോര്‍ന്ന് പോവുന്നുണ്ട്, എല്ലാ കവികളും മറവികളെ വേട്ടയാടുന്നവരല്ല

Articles

ചിന്ത / എ പ്രതാപന്‍

കവിത ചിലപ്പോള്‍ മുദ്രകളുടെ, അടയാളങ്ങളുടെ, വാക്യങ്ങള്‍ കൂടിയാണ്. ചിലത് മറന്നു പോകാതിരിക്കാന്‍, മറന്നു പോയാല്‍ അത് ഓര്‍മ്മിപ്പിക്കാന്‍ , മുദ്രകളായി മാറുന്ന വാക്യങ്ങള്‍ ഉപകരിക്കും. കവി കാളിദാസന്‍ ശകുന്തളക്ക് കൊടുത്തത് ഒരു മുദ്ര മോതിരമായിരുന്നു. മറവിയില്‍ നിന്നുള്ള കവചമായി. ശകുന്തളയുടെ വിരലില്‍ നിന്ന് ആ മുദ്ര മോതിരം ഊരിപ്പോയി, ഏതോ പുഴയില്‍, ശകുന്തള കുറേ കാലം മറവിയിലേക്കും പോയി. ആ പുഴയില്‍ വലയെറിഞ്ഞ മുക്കുവരാണ് ആ മത്സ്യത്തെയും അതു വിഴുങ്ങിയ മോതിരത്തെയും അത് വഹിച്ച ഓര്‍മ്മയെയും തിരിച്ചു പിടിക്കുന്നത്.

നമ്മുടെ കൈകളില്‍ നിന്ന് പല മുദ്രാവാക്യങ്ങളും ഊരിപ്പോകുന്നുണ്ട്, ഏതോ പുഴകളിലെ മീനുകള്‍ അത് വിഴുങ്ങുന്നുണ്ട്, അതൊക്കെ വഹിച്ച ഓര്‍മ്മകള്‍ മറവികളായി മാറുന്നുണ്ട്. കവി ഒരു മുക്കുവനാണ്. അയാള്‍ ഓര്‍മ്മകളെ വിഴുങ്ങിയ മീനുകളെ വലവീശി പിടിക്കുന്നു. അങ്ങനെയാണ് കാലത്തിന്റെ മുദ്രകള്‍ പലപ്പോഴും കവിതയിലെ വാക്യങ്ങളില്‍ തെളിയുന്നത്.

എല്ലാ കവികളും മറവികളെ വേട്ടയാടുന്നവരല്ല. ചിലര്‍ വല വീശുന്നത് വെറും മീനുകള്‍ക്കായി. തല്‍ക്കാലത്തെ വിശപ്പ് ശമിക്കാന്‍ അത് ഉപകരിക്കും. ചരിത്രത്തിന്റെ ഓര്‍മ്മകളെ മുഴുവന്‍ വിഴുങ്ങി കൊണ്ടിരിക്കുന്ന വലിയ മീനുകളെ വേട്ടയാടുന്ന , വലിയ മുക്കുവരെ കവിത കാത്തിരിക്കുന്നു. അവര്‍ തിരിച്ചു കൊണ്ടുവരുന്ന മുദ്രകളുടെ, ഓര്‍മ്മകളുടെ, വാക്യങ്ങള്‍ക്കായി.