കമ്മികള്‍ ഒഴികെ മറ്റെല്ലാവരും കേരളത്തില്‍ രണ്ടാം തരം പൗരന്മാരാണ്, നിരക്ഷരഗുണ്ടയായ ബ്രാഞ്ച് സെക്രട്ടറിക്ക് ഒരു ഗ്രാമത്തെ ചൂണ്ടുവിരലില്‍ അടിമയാക്കാം

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

കേരളത്തിലെ പുതിയ കമ്മ്യൂണിസ്റ്റ് മൂഢന്മാരെ മുതിര്‍ന്നവര്‍ പഠിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ഉയര്‍ന്ന മാനവ വികസന സൂചിക സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ ആണ് എന്നാണ്.

വാസ്തവത്തില്‍ ഇവര്‍ അവകാശപ്പെടുന്ന മാറ്റങ്ങള്‍ക്കൊക്കെ അടിത്തറ ഇട്ടത് മിഷനറിമാരാണ്. അവര്‍ക്ക് കുറെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എന്നത് ശരി തന്നെ. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്യുന്നതിന് 20 25 കൊല്ലങ്ങള്‍ മുന്‍പേ 1910 കളിലും 1920 കളിലും ആയി എന്റെ ഗ്രാമത്തില്‍ തന്നെ മൂന്ന് പള്ളി വക െ്രെപമറി സ്‌കൂളുകള്‍ വന്നു. അതുകൊണ്ടാണ് ബുദ്ധിമതിയായ എന്റെ അമ്മയ്ക്ക് സാക്ഷരത കൈവന്നതും പിന്‍തലമുറകളെ നന്നായി പഠിപ്പിക്കണമെന്ന ബോധം വന്നതും.

അതുപോലുള്ള വിദ്യാഭ്യാസ വികസനം ആ കാലത്ത് തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളിലും വന്നു. അതാണ് വാസ്തവത്തില്‍ കേരളത്തില്‍ സാമൂഹ്യ വികസനത്തിന്റെ അടിത്തറയിട്ടത്. ഒരുപക്ഷേ സമത്വം വേണം, അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേണം എന്നൊക്കെയുള്ള ബോധം ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കൊടുത്തത് പോലും ഈ ക്രിസ്ത്യന്‍ വിദ്യാഭ്യാസ പശ്ചാത്തലമാണ്.

എന്നിട്ട് ഈ വളര്‍ച്ചയുടെ ക്രെഡിറ്റും മുഴുവന്‍ തട്ടിയെടുക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ത്വര അവരുടെ പതിവ് ഉളുപ്പില്ലായ്മയാണ്.

എന്റെ വീക്ഷണത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ നാല് സാമൂഹ്യ വിപ്ലവങ്ങള്‍ ആണ് നടന്നത് . ഒന്ന് മുന്‍പ് പറഞ്ഞ മിഷനറിമാര്‍ കൊണ്ടുവന്നത്, രണ്ട് നാരായണഗുരുവില്‍ നിന്നും തുടങ്ങുന്ന നവോത്ഥാന നായകര്‍ നയിച്ച പ്രസ്ഥാനങ്ങള്‍, മൂന്നാമത്തെ വിപ്ലവം, (രണ്ടാമത്തെ പട്ടികയില്‍ പെടുത്താവു ന്നതാണ് എങ്കിലും )കമ്മ്യൂണിസ്റ്റുകാര്‍ കൊണ്ടുവന്നതാണ്. മറ്റ് ഇടങ്ങളിലില്ലാത്ത വിധം ഒരു ജനകീയഅവകാശ ബോധം 40കളിലും 50 കളിലും ആയി അവര്‍ കൊണ്ടുവന്നു എന്നത് സമ്മതിക്കാതെ വയ്യ. ശരിക്കും മണ്ണില്‍ പണിയുന്നവന് കാര്യമായി മെച്ചം ഒന്നും ഉണ്ടായില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ ജന്മിത്വത്തെ ഇല്ലായ്മ ചെയ്തു. അത് വലിയൊരു കാര്യമാണ്. അത് സാമ്പത്തികം എന്നതിനേക്കാള്‍ കൂടുതല്‍ സാംസ്‌കാരികമായ മാറ്റമായിരുന്നു.

കമ്മ്യൂണിസ്റ്റുകാരുടെ സഹായത്താല്‍ ജനങ്ങളില്‍ അന്ന് ഉരുവം കൊണ്ട ആ അവകാശ ബോധമെല്ലാം കഴിഞ്ഞ ഏഴ് കൊല്ലത്തെ ഹീനഭരണം കൊണ്ട് ഇല്ലാതായിക്കഴിഞ്ഞു .ഭൂതന്റെ സമ്മേളനങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുത്തില്ലെങ്കില്‍ കുടുംബശ്രീയിലും തൊഴിലുറപ്പിലും പണി നിഷേധിയ്ക്കപ്പെടും എന്ന് പരസ്യമായി പറയുന്നിടത്താണ് ഇന്ന് കേരളത്തിലെ ജനകീയഅവകാശബോധം. കമ്മികള്‍ ഒഴികെ മറ്റെല്ലാവരും ഇന്ന് കേരളത്തില്‍ രണ്ടാംതരം പൗരന്മാരാണ്. എല്ലാവര്‍ക്കും ഭയമാണ്. നിരക്ഷര ഗുണ്ടയായ ഒരു ബ്രാഞ്ച് സെക്രട്ടറിക്ക് ഒരു ഗ്രാമത്തെ വേണമെങ്കില്‍ ചൂണ്ടുവിരലില്‍ അടിമയാക്കി നിര്‍ത്താം എന്നിടത്തേക്ക് ഒരു ദേശം കഷ്ടപ്പെട്ട് ആര്‍ജ്ജിച്ച അവകാശബോധം ചുരുങ്ങിക്കഴിഞ്ഞു. പോലീസുകാര്‍ ചോട്ടാ സഖാക്കളുടെ ആത്മാഭിമാനം ഇല്ലാത്ത വേലക്കാരായി കഴിഞ്ഞു. ഏഴു കൊല്ലം കൊണ്ട് പാര്‍ട്ടിയും സാംസ്‌കാരിക നായകരും കൂടി ജിഹാദികളുടെ കാല് നക്കി നവോത്ഥാനവും 1930 ലേക്ക് തിരിച്ചു നടന്നു. പല മുസ്ലിം വനിതകളുടെയും നില ഇന്ന് 1930കളിലെ നമ്പൂതിരി സ്ത്രീകളുടെ അവസ്ഥയേക്കാള്‍ മോശമാണ്.

നാലാമത്തെ വിപ്ലവം ഗള്‍ഫിലേക്ക് പോയ പ്രവാസികളുടെതാണ്. മലബാറിലെ പാവപ്പെട്ട മുസ്ലീങ്ങള്‍ കൊണ്ടുവന്ന ഈ വിപ്ലവം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ 1970 കളില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നാമാവശേഷമായേനെ. ആ പാവങ്ങളുടെ അധ്വാന ഫലത്തില്‍ നിന്ന് ആഹരിക്കുക മാത്രമല്ല, അവരെയൊക്കെ ഈ നിലയില്‍ എത്തിച്ചത് തങ്ങളാണ് എന്ന് അവകാശപ്പെടുകയും ചെയ്യുകയാണ് ഈ ഉളുപ്പില്ലാത്ത വര്‍ഗ്ഗം.

ഈ നാല് വിപ്ലവങ്ങളുടെയും സൃഷ്ടിയാണ് ഇന്നത്തെ കേരളം. ജനങ്ങള്‍( മിഡില്‍ ക്ലാസും അതിനു മുകളിലുള്ളവരും ) അത്യാവശ്യം ജീവിതസൗകര്യമുള്ളവരും ഗവണ്‍മെന്റ് നിര്‍ധനവും ആണ് എന്നൊരു വൈരുദ്ധ്യം നിറഞ്ഞ സ്ഥിതിവിശേഷം ഇപ്പോഴുണ്ട്. അത് കാലഭൈരവന്റെ സംഭാവനയാണ്.

BPL വിഭാഗത്തിലുള്ളവര്‍ക്ക് ആണ് സര്‍ക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യമുള്ളത്. എന്നാല്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരു ക്ഷേമവും സര്‍ക്കാര്‍ പാപ്പരായതിനാല്‍ കാലഭൈരവന്റെ കാലത്ത്കിട്ടുന്നില്ല. ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും മെയിന്റനന്‍സും നടക്കുന്നില്ല. ഇതുവരെ ലഭിച്ചിരുന്ന നൂറുകണക്കിന് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇനി കേരളത്തില്‍ ഒരിക്കലും ഉണ്ടാവില്ല. ഞാന്‍ മുന്‍പ് പറഞ്ഞ മധ്യ വര്‍ഗ്ഗത്തിനു മുകളില്‍ ഉള്ളവരുടെ താരതമ്യേനയുള്ള സുസ്ഥിതി അവരില്‍ നല്ലൊരു പങ്കും ഒരു കാര്യത്തിനും കേരള സര്‍ക്കാരിനെ ആശ്രയിക്കാതെ തന്നെ അവര്‍ ആര്‍ജിക്കുന്നതാണ്. അതേ സമയം റവന്യൂ വരുമാനത്തിലേക്ക് അവര്‍ സംഭാവന ചെയ്യുന്നുമുണ്ട്. പ്രവാസികളും അവരുടെ കുടുംബങ്ങളും കേരള ഗവണ്‍മെന്റിന് കൊടുക്കുക അല്ലാതെ ഗവണ്‍മെന്റില്‍ നിന്ന് ഒന്നും വാങ്ങുന്നില്ല. കേരള സര്‍ക്കാര്‍ ശമ്പളക്കാര്‍ക്ക് ഇതുവരെ ശമ്പളം കിട്ടുന്നുണ്ട്. വലിയ തകര്‍ച്ച വരുമ്പോള്‍ അതൊന്നും കിട്ടില്ല.

ഇക്കൂട്ടര്‍ സ്വയം വിശ്വസിക്കുന്നത് 10-40 കൊല്ലം കൊണ്ട് ലോകമെങ്ങും ഉണ്ടായ വമ്പിച്ച ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ കേരളത്തിലെ പ്രതിഫലനം ഇവിടത്തെ പ്രാകൃത പാര്‍ട്ടി കൊണ്ടുവന്നതാണ് എന്നാണ്. Many developments came despite communists. നോക്കൂ, ഈയാഴ്ച തമിഴ്‌നാട്ടില്‍ ഏതാണ്ട് 7 ലക്ഷം കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് വാഗ്ദാനം വന്നിട്ടുണ്ട്. അവയൊക്കെ നടപ്പാക്കുകയും ചെയ്യും. ഇവിടെ ഈ **ന്മാര്‍ എന്ത് കോപ്പാണ് കൊണ്ടുവരുന്നത്?