ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ ‘മദഭരമിഴിയോരം’ ഗാനം റിലീസായി

Cinema

സിനിമ വര്‍ത്തമാനം/ പ്രതീഷ് ശേഖര്‍

സിനിമാസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി എസ് റഫീഖ് എഴുതിയ മദഭരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളൈ ആണ്.തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി ഈ ഗാനം നിലകൊള്ളുന്നുവെന്ന് ഗാനത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പ്രകടിപ്പിച്ച് ഗായിക പ്രീതി പിള്ള പറഞ്ഞു.

‘സിനിമയ്ക്കുള്ളില്‍ ഈ ഗാനം വിവിധ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുന്നു, എല്ലാ ശ്രോതാക്കള്‍ക്കും ഒരു പോലെ ഈ ഗാനം ഇഷ്ടപെടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. സംഗീത ആവിഷ്‌കാരത്തിലെ അതുല്യമായ പരീക്ഷണമായി ഇത് നിലകൊള്ളുന്നു. എന്റെ കരിയറില്‍ ഈ ഗാനത്തിന് പ്രാധാന്യം ‘ ഈ പാട്ടിനു വേണ്ടി ധാരാളം എക്‌സ്‌പെരിമെന്റ്‌സും തയ്യാറെടുപ്പുകളും ചെയ്തിട്ടുണ്ട്, അതുകൊണ്ടു തന്റെ ഒരു ഗായിക മാത്രമല്ല ഒരു വോക്കല്‍ പ്രൊഡ്യൂസര്‍ ആയി കുറെ ബഹുമാന്യരായ ആര്‍ട്ടിസ്റ്റിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടയില്‍ ഈ ഗാനം ഹിന്ദിയില്‍ എഴുതാനുള്ള അവസരം കിട്ടി. ഈ പാട്ടിന്റെ ഹിന്ദി വേര്‍ഷന്‍ നോര്‍ത്ത് ഇന്ത്യന്‍ സണ്‍ലൈറ്റും, ഗംഗാനദിയുടെ മനോഹാരിതയും ശാന്തതയും ഒക്കെ അനുഭവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പാട്ടും പാട്ടിന്റെ കഥയും വരികളുടെ കഥയും കേള്‍ക്കുന്നവര്‍ക്ക് ഇഷ്ടപെടട്ടെ, ഇതിലെ ദൃശ്യങ്ങള്‍ മനോഹാരിത സമ്മാനിക്കുമെന്നുറപ്പാണെന്ന് ഗായിക പ്രീതി പിള്ള പറഞ്ഞു.

ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബന്‍ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ല്‍ പരം സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രൊമോഷന്‍ പരിപാടികളാണ് വരും നാളുകളില്‍ വാലിബന്‍ ടീം സംഘടിപ്പിക്കുന്നത്.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്.