നിരീക്ഷണം / എ പ്രതാപന്‍
ആഞ്ചല്‍ മല്‍ഹോത്രയുടെ REMNANTS OF A SEPERATION (ഒരു വേര്പിരിയലിന്റെ ശേഷിപ്പുകള്‍) 1947 ലെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള പുസ്തകമാണ്. ഇതൊരു സാധാരണ പുസ്തകമല്ല. വസ്തു ഓര്‍മ്മകളിലൂടെ ( material memories) വിഭജനത്തിന്റെ ചരിത്രം പറയുകയാണ് ഈ പുസ്തകം ചെയ്യുന്നത്. വിഭജനത്തിന്റെ രക്തരൂക്ഷിതമായ നാളുകളില്‍ ജീവന്‍ കൈയിലെടുത്തു കൊണ്ട് പലായനം ചെയ്ത ചരിത്രത്തിലെ ആ അഭയാര്‍ത്ഥികള്‍ തങ്ങളുടെ കൂടെ കൂട്ടിയ കൊച്ചു വസ്തുക്കളിലൂടെ, ഒരു മാല, കമ്മല്‍, നോട്ടു പുസ്തകങ്ങള്‍, പിഞ്ഞി തുടങ്ങിയ ചില രേഖകള്‍, പിഞ്ഞാണങ്ങള്‍, തവികള്‍ …… തുടങ്ങിയവയിലൂടെ. ആ വസ്തുക്കളിലൊക്കെ അവരുടെ ഓര്‍മ്മകള്‍ കട്ടപിടിച്ചു കിടക്കുന്നു. അവ തൊടുമ്പോള്‍ മുറിഞ്ഞു പോയ ഒരു സ്ഥലത്തിലേക്കും കാലത്തിലേക്കും ആ മനുഷ്യര്‍ യാത്ര ചെയ്യുന്നു. അതിര്‍ത്തിക്ക് ഇപ്പുറവും അപ്പുറവുമുള്ള നിരവധി അഭയാര്‍ത്ഥി കുടുംബങ്ങളെ സന്ദര്‍ശിച്ച്, അഭയാര്‍ത്ഥികളില്‍ ഇപ്പോളും ജീവിച്ചിരിക്കുന്നവരെ, ചിലപ്പോള്‍ അവരുടെ അനന്തര തലമുറകളെ കണ്ട് സംസാരിച്ചാണ് ഈ പുസ്തകം തയ്യാറാക്കപ്പെട്ടത്.
വസ്തുക്കള്‍ പലപ്പോഴും അതിന്റെ സൃഷ്ടാക്കളായ മനുഷ്യരെ അതിജീവിക്കുന്നു. ലോകത്തിന്റെ നൈരന്തര്യം നമ്മള്‍ അനുഭവിക്കുന്നത് കാലം കടന്നു പോകുമ്പോളും ശേഷിക്കുന്ന വസ്തുക്കളിലൂടെ കൂടിയാണ്. നമ്മള്‍ താമസിക്കുന്ന വീടുകള്‍, അതിലെ കട്ടിലുകള്‍, കസേരകള്‍, പാത്രങ്ങള്‍, അതു പോലുള്ള എത്രയോ വസ്തുക്കള്‍ ഇത്തരം ഓര്‍മ്മകളെ പേറുന്ന വസ്തുക്കള്‍ കൂടിയായി രൂപാന്തരം പ്രാപിക്കുന്നവയാണ്. അതിലൊക്കെ കുറേശ്ശെ നമ്മളെ നിക്ഷേപിച്ചു കൊണ്ടാണ് ഈ ലോകത്ത് നിന്ന് നമ്മള്‍ കടന്നു പോകുന്നത്. അതിലൊക്കെയും നമ്മള്‍ അനുഭവിച്ച ആനന്ദങ്ങള്‍, വേദനകള്‍, ഉല്‍ക്കണ്ഠകള്‍, പ്രതീക്ഷകള്‍, ആശ്വാസങ്ങള്‍ കലര്‍ന്നിരിക്കുന്നു.

എന്റെ അടുക്കളയില്‍ ഞാന്‍ ദിവസവും ഉപയോഗിക്കുന്ന പാത്രങ്ങളുടെ കൂട്ടത്തില്‍ രണ്ട് ചെറിയ സ്റ്റീല്‍ പാത്രങ്ങള്‍ ഉണ്ട്. ദിവസവും അത് കഴുകി വെക്കുമ്പോള്‍ ഞാന്‍ അതിന്മേല്‍ എഴുതിയ രണ്ടു പേരുകള്‍ വായിക്കുന്നു. ഒന്ന് എന്റെ അനിയന്റെയും മറ്റേത് അനിയത്തിയുടേയും പേരാണ്. രണ്ടു പേരും മരിച്ചു പോയവര്‍. അവര്‍ കുട്ടികളായിരുന്നപ്പോള്‍ ഉപയോഗിച്ച പാത്രങ്ങള്‍ ആയിരിക്കണം. അക്കാലത്ത് സ്‌ക്കൂളുകളില്‍ കുട്ടികളുടെ പാത്രങ്ങള്‍ തമ്മില്‍ മാറിപ്പോവാതിരിക്കാന്‍ അവയില്‍ പേരെഴുതുന്ന പതിവ് ഉണ്ടായിരുന്നു.
ആ പാത്രങ്ങള്‍ കഴുകി തുടച്ചു വെക്കുമ്പോള്‍ , ആ പേരുകളെയും ഞാന്‍ അറിയാതെ സ്പര്‍ശിക്കുന്നു. ഞാന്‍ കഴുകി തുടച്ചു വെക്കുന്നത് രണ്ട് പാത്രങ്ങളെ മാത്രമല്ല, കുറേ ഓര്‍മ്മകളെ കൂടിയാണെന്ന് എനിക്ക് മനസ്സിലാകുന്നു.