കോഴിക്കോട്: സദാചാരം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ലെന്ന് തെന്നിന്ത്യന്‍ താരം ഷക്കീല. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലില്‍ സദാചാരം എന്ന മിഥ്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഷക്കീല എന്ന വാക്ക് ഒരു ബ്രാന്‍ഡ് ആക്കിയത് മലയാളം സിനിമയാണെന്നും എന്നാല്‍ ഇന്ന് മലയാളം സിനിമയ്ക്ക് തന്നെ ഭയമാണെന്നും അവര്‍ പറയുന്നു.
ഞാന്‍ ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം എന്റെ കുടുംബത്തിനു കൊടുത്തു കഴിഞ്ഞു. ഇപ്പോള്‍ എന്റെ കയ്യില്‍ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് ആദായ നികുതി വകുപ്പിനെ ഭയമില്ല. എന്റെ സമ്പാദ്യം ഞാന്‍ വേറെ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല അങ്ങിനയുള്ള പ്രചാരണം തീര്‍ത്തും തെറ്റാണെന്നും അവര്‍ ചൂണ്ടികാട്ടി.
എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു .എന്നാല്‍ ഞാന്‍ ഒരനാഥയല്ല . എന്നെ സ്‌നേഹിക്കാാന്‍ ആയിരത്തില്‍ കൂടുതല്‍ ട്രാന്‍സ് പേഴ്‌സണ്‍സ് ഉണ്ട് .അവര്‍ക്ക് ഞാന്‍ അമ്മയാണ് അമ്മമ്മയാണ്. ഒരു പാട് കുത്തുവാക്കുകള്‍ നേരിട്ടാണ് ഇവിടം വരെ എത്തിയത്. എന്റെ പിന്നില്‍ നിന്നു പറയുന്നവരെ ഞാന്‍ കാര്യമാക്കാറില്ല കാരണം എന്റെ മുന്നില്‍ വന്നു പറയാന്‍ അവര്‍ക്ക് ധൈര്യമുണ്ടാവില്ല.
ഇനി മലയാളം സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അവരുടെ മറുപടി
‘തീര്‍ച്ചയായും ‘ എന്നായിരുന്നു. ഷക്കില ആയിരങ്ങളുടെ മനസില്‍ ഇപ്പോഴും ഉണ്ടന്നതിന്റെ തെളിവാണ് ഇവിടെ ഇപ്പോള്‍ നിറം മങ്ങാതെ നില്‍ക്കുന്ന ഈ ജനസാഗരം എന്നും അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.