കോഴിക്കോട്: ആരാണ് താൻ എന്ന ചോദ്യത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് തന്റെ ‘ദൈവത്തിന്റെ ആത്മകഥ’ എന്ന പുസ്തകം എന്ന് സിനിമാതാരം ലെന. ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാത്തപ്പോഴാണ് ആളുകൾ ഡിഫെൻസീവ് ആവുന്നത്. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ജീവൻ എന്ന പ്രതിഭാസത്തിന്റെ രൂപാന്തരങ്ങളാണ് ഓരോ വ്യക്തിയും എന്ന് ലെന പറഞ്ഞു. ജീവനും ദൈവവും ചേർന്നതാണ് താൻ എന്നും അവർ കൂട്ടിച്ചേർത്തു.
ആനന്ദം തേടാത്ത മനുഷ്യരില്ലെന്നും എന്നാൽ ഓരോ മനുഷ്യരും തേടുന്ന ആനന്ദത്തിന്റെ വഴികൾ വ്യത്യസ്തമാണെന്നും ലെന വ്യക്തമാക്കി. എന്നാൽ ആനന്ദത്തിനായി ലഹരിവസ്തുക്കളുപയോഗിക്കരുതെന്നും സ്ത്രീകളാണ് ലഹരിയുടെ ഏറ്റവും വലിയ ഇരകളെന്നും അവർ പറഞ്ഞു.