ജനാധിപത്യ സമൂഹം ആഗ്രഹിക്കുന്ന ജനകീയ സാഹിത്യോത്സവം കെ എല്‍ എഫ് അല്ല, സര്‍ക്കാര്‍ അന്താരാഷ്ട സാഹിത്യോത്സവം നടത്തണം

Articles

നിരീക്ഷണം / ഡോ : ആസാദ്

കേരള ചലച്ചിത്ര അക്കാദമിക്ക് ലോകോത്തര നിലവാരത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കാന്‍ കഴിയുന്നു. കേരള സംഗീത നാടക അക്കാദമിക്ക് അതേ പ്രൗഢിയോടെ അന്താരാഷ്ട്ര നാടകോത്സവം സംഘടിപ്പിക്കാനും ശേഷിയുണ്ട്. കേരള സാഹിത്യ അക്കാദമിക്ക് കേരള ലിറ്റററി ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ പ്രാപ്തിക്കുറവുണ്ടോ?

കെ സച്ചിദാനന്ദനെപ്പോലെ ലോകമറിയുന്ന ഒരു മലയാളി എഴുത്തുകാരന്‍ അദ്ധ്യക്ഷനാവുമ്പോള്‍ അത് അത്ര പ്രയാസകരമാവില്ല. എം ടി വാസുദേവന്‍ നായരുടെ നേതൃത്വം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടത്തിയ പരിശ്രമം നാം കണ്ടതാണ്. അത്രയേറെ സ്‌പോണ്‍സര്‍മാരോ വലിയ സര്‍ക്കാര്‍ ഫണ്ടോ ചെലവഴിക്കാതെത്തന്നെ അത്ഭുതം പ്രവര്‍ത്തിക്കാനാവുമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് എം ടിയും നന്ദകുമാറും അവരുടെ കമ്മറ്റിയും.

സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിനോ കേരള സാഹിത്യ അക്കാദമിക്കോ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനോ ബുക്മാര്‍ക്കിനോ ഗ്രന്ഥശാലാ സംഘത്തിനോ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനോ അല്ലെങ്കില്‍ അവര്‍ക്കെല്ലാം കൂട്ടായോ ഒരു അന്താരാഷ്ട്ര സാഹിത്യോത്സവം സംഘടിപ്പിക്കാവുന്നതേ ഉള്ളൂ. സാമ്പത്തിക മാന്ദ്യ കാലത്ത് സ്വകാര്യ പ്രസാധകരുടെ മേളക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ ഇപ്പോള്‍ നല്‍കുന്ന സാമ്പത്തിക സഹായത്തെക്കാള്‍ വലിയ തുകയൊന്നും അതിന് വേണ്ടിവരികയില്ല.

കോഴിക്കോട്ട് നടക്കുന്ന കെ എല്‍ എഫ് സംഘാടനം മികച്ച രീതിയില്‍ തന്നെയാണ്. ഉള്ളടക്കത്തിലും ആസൂത്രണത്തിലും വിമര്‍ശനങ്ങള്‍ കാണും. എന്നാല്‍ ഇടത്തട്ടു വായനാ സമൂഹത്തിന്റെ വര്‍ഗേച്ഛകളെ തൃപ്തിപ്പെടുത്തുന്ന മികച്ച നടത്തിപ്പാണ് കണ്ടത്. ഭരണകൂട മൂലധന താല്‍പ്പര്യങ്ങളുടെ യാഗാശ്വമാണ് അലഞ്ഞു നടന്നത്; ആരും പിടിച്ചുകെട്ടാനില്ലാതെ. അതില്‍ കോട്ടയം ഡി സിയും കോഴിക്കോട്ടെ സി പി എം ഡിസിയും പാര്‍ട്ടി സാംസ്‌കാരിക നേതാക്കളും പ്രശംസ അര്‍ഹിക്കുന്നുണ്ട്. പക്ഷേ, ഇതല്ല ഒരു ജനാധിപത്യസമൂഹം ലക്ഷ്യം വെക്കുന്ന ജനകീയ സാഹിത്യോത്സവം എന്നു പറയാതെ വയ്യ. അതു നിര്‍വ്വഹിക്കാന്‍ സാംസ്‌കാരിക രംഗത്ത് പൊതു സ്വകാര്യ കൂട്ടുകെട്ടുകളുടെ പീപീപികള്‍ക്കു കഴിയില്ല.