ഞാന്‍ കാണിച്ചു കൊടുക്കുന്ന പയ്യനെ എന്‍റെ മകള്‍ വിവാഹം ചെയ്യുമെന്ന ഭാവവും വാദവും ഫ്യൂഡല്‍ മാടമ്പിത്തമാണ്

Articles

ചിന്ത / ഡോ: ആസാദ്

മകളുടെ കല്യാണം കഴിഞ്ഞോ? എന്താണ് നിങ്ങളിങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത്? നിങ്ങളൊരച്ഛനല്ലേ? എന്നൊക്കെ ധാരാളം പഴി കേള്‍ക്കുന്നുണ്ട് ഞാന്‍. കല്യാണം ആരെങ്കിലും കഴിപ്പിച്ചു കൊടുക്കേണ്ടതാണോ, രണ്ടുപേര്‍ അവരുടെ നിശ്ചയപ്രകാരം കഴിക്കേണ്ടതല്ലേ? എന്നൊക്കെ കാതലായ ചില ചോദ്യങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടതില്ലേ?

പ്രായപൂര്‍ത്തിയാവുംമുമ്പ് കുട്ടികളെ അവരുടെ ഇംഗിതം പരിഗണിക്കാതെ കൈപിടിച്ചേല്‍പ്പിക്കുന്ന ശൈശവ ബാല വിവാഹങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ഉണ്ടായിരുന്ന മേല്‍ക്കൈയും ബാദ്ധ്യതയും ജനാധിപത്യ സമൂഹം റദ്ദുചെയ്തതാണ്. ‘ഞാന്‍ കാണിച്ചുകൊടുക്കുന്ന പയ്യനെ എന്റെ മകള്‍ വിവാഹം ചെയ്യും’ എന്ന ഭാവവും വാദവും ഫ്യൂഡല്‍ മാടമ്പിത്ത പ്രകടനമാണ്. പുതിയലോകത്ത് ഓരോ പൗരനും പൗരിക്കും അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.

കല്യാണം കഴിക്കണോ, താല്‍പ്പര്യമുള്ളവരോടൊപ്പം ഒന്നിച്ചോ വേറിട്ടോ കഴിയണോ അതോ ഒറ്റയ്ക്കു ജീവിക്കണോ തുടങ്ങിയ ആലോചനകളൊക്കെ ആരംഭിക്കുന്നത് സ്ത്രീസ്വത്വം സകലവിധ നിര്‍ബന്ധിത വിധേയത്വങ്ങളെയും നിരസിച്ചു തുടങ്ങുമ്പോഴാണ്. ഭാര്യാപദവി വരിച്ചു കീഴ്‌പ്പെടലല്ല തുല്യപങ്കാളിത്തത്തിലേക്ക് വളരലാണ് സ്ത്രീയുണര്‍വ്വിന്റെ സത്ത. അതിനാല്‍ ഏകപക്ഷീയമായ താലി ബന്ധനം, പാരമ്പര്യമോ വഴക്കമോ എത്രമേല്‍ നിര്‍ബന്ധിച്ചാലും, ഉണരുന്ന സ്ത്രീക്ക് അംഗീകരിക്കാന്‍ പ്രയാസമാകും. അവള്‍ അവളുടെ പൗരാവകാശം അനുഭവിച്ചുതന്നെ ലോകജീവിതം നയിക്കട്ടെ എന്നു കരുതാന്‍ രക്ഷിതാക്കള്‍ക്കും ഭരണകൂടത്തിനും മത സാമുദായിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും കഴിയണം.

ഒരാള്‍ ജീവിതത്തെ സംബന്ധിച്ചു രൂപപ്പെടുത്തുന്ന ദര്‍ശനം തീര്‍ച്ചയായും നിലനില്‍ക്കുന്ന രാഷ്ട്രീയ ജീവിതാവസ്ഥയോടുള്ള പ്രതികരണമാണ്. അതു കടുത്ത വിയോജിപ്പിന്റെയും ബദലന്വേഷണത്തിന്റെയും സാഹസികതയിലേക്കു കടക്കുമ്പോള്‍ ആ ഭാരം താങ്ങാനുള്ള ശേഷി അവര്‍ ആര്‍ജ്ജിച്ചിരിക്കണം. യാഥാസ്ഥിതിക സമൂഹത്തിന് വഴക്കങ്ങളുടെ ശീലവും സുഖവും മാത്രമാണ് പരിചിതം. അതിനാല്‍ സാഹസികാന്വേഷകര്‍ നേരിടുന്ന പരിക്കുകളെ അവര്‍ അവജ്ഞയോടെയേ കാണൂ. പരിഹാസത്തോടെയേ പ്രതികരിക്കൂ. മ്ലേച്ഛമായ ഭാഷയിലേ വിശേഷണങ്ങളുണ്ടാവൂ. അതിനാല്‍ പുതുവഴി തെരഞ്ഞെടുക്കുന്നവര്‍ അധിക്ഷേപങ്ങളില്‍ തളര്‍ന്നുകൂടാ.

ജീവിതത്തെ സംബന്ധിച്ച് മാതൃകാപരം എന്ന് ഒരു സ്‌ക്രിപ്‌റ്റോ ബ്ലൂപ്രിന്റോ നേരത്തേ രൂപപ്പെടുത്തിയിട്ടില്ല. അതിനാല്‍ പ്രായപൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ഓരോ ജീവിതദര്‍ശനത്തിലേക്കാണ് പ്രവേശിക്കുന്നത്. അതിന്റെ ജയാപചയം എന്നത് രാഷ്ട്രീയമായ യുക്തിയിലാണ് കാണേണ്ടത്. കാരണം ഇപ്പോള്‍ പൗരന്റെ പ്രതിബദ്ധത പ്രാഥമികമായി ഭരണഘടനയോടും രാജ്യത്തെ നിയമങ്ങളോടുമാണ്. അവയെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയോ അല്ലാതെയോ മാത്രമേ ആര്‍ക്കും ജീവിതമുള്ളു. അതിനാല്‍ ജോലി തെരഞ്ഞെടുക്കുന്നതുപോലെ, രാഷ്ട്രീയ ദര്‍ശനം സ്വീകരിക്കുന്നതുപോലെ സ്വന്തം ജീവിതം തെരഞ്ഞെടുക്കാന്‍ പൗരനോ പൗരിക്കോ ഉള്ള അവകാശം സംരക്ഷിക്കപ്പെടണം.

ഇന്നത്തെ കാലത്ത് സ്ത്രീധനം ചോദിക്കുന്ന ‘പുരോഗാമി’കളും അതു നല്‍കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന വിദ്യാസമ്പന്നകളായ സ്ത്രീകളും ഉണ്ട് എന്നത് നടുക്കമുണ്ടാക്കുന്നു. പ്രണയത്തിലേക്കു കടന്നശേഷവും ഒരു പുരുഷന് സ്ത്രീധനം വേണം എന്ന ഉപാധി വെക്കാന്‍ കഴിയുന്നുവെങ്കില്‍ അയാളുടെ പ്രണയം ഒരു ലാഭേച്ഛാവ്യവഹാരമാണല്ലോ. സ്ത്രീ പക്ഷേ അതില്‍ മുഴുകിപ്പോകുന്നു. പ്രണയത്തിന്റെ പ്രകാശസ്രോതസ്സ് പെട്ടെന്ന് കെട്ടുപോകുമ്പോള്‍ അവര്‍ ഇരുട്ടില്‍ ആണ്ടൊടുങ്ങുന്നു. ആ ഒടുങ്ങല്‍ ഒരു കൊലപാതകമായി കാണാന്‍ വികസിത സമൂഹത്തിന് കഴിയണം.

വ്യക്തികളെ വേറിട്ടു കാണാനും അവരെ അവരെപ്രകാരമാണോ അപ്രകാരം അംഗീകരിക്കാനും ആദരിക്കാനും നമുക്ക് കഴിയണം. നമ്മുടെ സങ്കല്‍പ്പവും ആദര്‍ശവും പാരമ്പര്യത്തിന്റെ ഭാരവും ആരുടെമേലും അടിച്ചുകയറ്റാന്‍ ശ്രമിച്ചുകൂടാ. ഓരോരുത്തരും ഓരോരുത്തരാണ്. അങ്ങനെയേ ആകാവൂ.