എന്തൊരു സൗരഭ്യമാണ് ലോഗമണി കണ്ടെത്തിയ ലോകത്തിന്

Articles

പാഠം / വി.ആര്‍ അജിത് കുമാര്‍

തേനി ജില്ലയില്‍ ഉത്തമപാളയം പ്രദേശത്തെ ഒരു ഗ്രാമമാണ് നഗയഗൌണ്ടന്‍പട്ടി. ഇവിടുത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ലോഗമണി ജനിച്ചത്. കേരളത്തിലെ വിവിധ ഇടങ്ങളിലായി ജോലിചെയ്താണ് മാതാപിതാക്കള്‍ അവളെ വളര്‍ത്തിയത്. അച്ഛനമ്മമാരുടെ അസാന്നിധ്യത്തില്‍ അമ്മുമ്മയുടെ പരിചരണത്തിലാണ് അവള്‍ വളര്‍ന്നത്. ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു അവളുടെയും പഠനം. അവിടത്തെ അധ്യാപകര്‍ എന്നും ക്ലാസില്‍ പറഞ്ഞിരുന്ന ഒരു കാര്യം പഠനം നിര്‍ത്തരുത് എന്നതായിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഇന്നത്തെ ദുരിതജീവിതത്തില്‍ നിന്നും കരകയറാന്‍ കഴിയൂ എന്നവര്‍ നിരന്തരം പറയുമായിരുന്നു. അത് ലോഗമണിയെ നന്നായി സ്വാധീനിച്ചു. എന്ത് വന്നാലും പഠനം ഉപേക്ഷിക്കില്ല എന്നവള്‍ ദൃഢനിശ്ചയം ചെയ്തു. വീട്ടുജോലികള്‍ക്കൊപ്പം പഠനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് നല്ല മാര്‍ക്കോടെ പ്ലസ്ടു പാസ്സായി.

കേരളത്തില്‍ പണിയെടുക്കുന്ന മാതാപിതാക്കള്‍ക്ക് അമ്മുമ്മയോടൊപ്പം താമസിക്കുന്ന, പ്രായപൂര്‍ത്തിയായ മകള്‍ സദാ നോവായിരുന്നു. അവളെ ആരെങ്കിലും ഉപദ്രവിക്കുമോ, അവള്‍ ആരോടെങ്കിലുമൊപ്പം ഒളിച്ചോടുമോ എന്നൊക്കെയുള്ള ആശങ്കയില്‍ അവര്‍ ഖിന്നരായി. തുടര്‍ന്നു പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിന് വിലകല്‍പ്പിക്കാതെ, വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അവളുടെ വിവാഹം ഉറപ്പിച്ചു.

പാരമ്പര്യമനുസരിച്ച് അവളുടെ മാമന്‍ സൌന്ദരപാണ്ഡ്യനെയാണ് വരനായി അവര്‍ കണ്ടെത്തിയത്. കരഞ്ഞും പട്ടിണികിടന്നും അവള്‍ പ്രതിഷേധിച്ചു. ആരും അതൊന്നും കണ്ടതായി നടിച്ചില്ല. എന്തും വരട്ടെയെന്ന് നിനച്ച് ഒടുവില്‍ അവള്‍ വീടുവിട്ടു. ഒരു കൂട്ടുകാരിയുടെ സഹായത്തോടെ കൃഷിത്തൊഴിലാളിയായി. വയലില്‍ വിയര്‍പ്പൊഴുക്കി കുറേനാള്‍ ജീവിച്ചു. അപ്പോഴൊക്കെയും തുടര്‍പഠനമായിരുന്നു മനസുനിറയെ. ആറ് മാസം കഴിഞ്ഞിട്ടും അവളുടെ തീരുമാനം മാറുന്നില്ലെന്ന് മനസ്സിലാക്കിയ സൌന്ദരപാണ്ഡ്യന്‍ അവളെ നേരിട്ടുകണ്ട് തുടര്‍പഠനം അനുവദിക്കാം എന്ന് ഉറപ്പു നല്‍കി. അവരുടെ വിവാഹവും നടന്നു. സൌന്ദരപാണ്ഡ്യന്‍ വാക്കുപാലിച്ചു. അവള്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമയ്ക്ക് ചേര്‍ന്നു. സമാന്തരമായി വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ഗണിതത്തില്‍ ബിഎസ്സിയും പഠിച്ചു.

തുടര്‍ന്ന് ഒരു സ്വകാര്യ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച് ലോഗമണി വിദൂരവിദ്യാഭ്യാസത്തിലൂടെതന്നെ കണക്കില്‍ എംഎസ്സിയും ബിഎഡും നേടി. 2012 ലാണ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചു. അവിടെ വിജയിച്ച ലോഗമണി മാമ്മണിയൂര്‍ പഞ്ചായത്ത് യൂണിയന്‍ െ്രെപമറി സ്‌കൂളില്‍ സെക്കണ്ടറി ഗ്രേഡ് അധ്യാപികയായി. ലോഗമണിയുടെ അധ്യാപനത്തിലുള്ള സമീപനവും ആത്മാര്‍ത്ഥയും അവളെ ആ സ്ഥാപനത്തിന്റെയും കുട്ടികളുടെയും ഒരനിവാര്യ ഘടകമാക്കി മാറ്റി. കളിയിലൂടെ പഠനം എന്നതായിരുന്നു
ലോഗമണി സ്വീകരിച്ച രീതി. അത് കുട്ടികള്‍ ഏറ്റെടുത്തു. അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരമോ ആശ്വാസമോ ലഭിക്കാനുള്ള ഒരിടമായി ലോഗമണി ടീച്ചര്‍ മാറി.കുട്ടികള്‍ക്ക് അവരുടെ എല്ലാ വിഷമങ്ങളും ഇറക്കിവയ്ക്കാനുള്ള ഒരത്താണിയായി ടീച്ചര്‍.

അവളുടെ പ്രവര്‍ത്തനമികവ് മനസിലാക്കിയ വിദ്യാഭ്യാസ വകുപ്പ് ബംഗളൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഒരു മാസത്തെ പരിശീലനത്തിന് അയച്ചു. ഐഐടി ഡല്‍ഹി, ഐഎസ്ആര്‍ഓ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഹോണററി പ്രൊഫസറായ പത്മഭൂഷണ്‍ എ. ശിവതാണുപിള്ളയുടെയും നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ ഗ്രാമീണ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സ്‌പെയ്‌സ് ടെക്‌നോളജി, സ്‌പെയ്‌സ് സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ അവബോധം ജനിപ്പിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള റോക്കറ്റ് സയന്‍സ് പ്രോജക്ട് ഡവലപ്പ്‌മെന്റ് കോഴ്‌സിലും ലോഗമണിയ്ക്ക് സെലക്ഷന്‍ ലഭിച്ചു. കുട്ടികളെ സ്‌പേയ്‌സ് സയന്‍സിലെ അടിസ്ഥാന സാങ്കേതികതകള്‍ മനസിലാക്കിക്കൊടുത്തും അവര്‍ക്കൊപ്പം ചെന്നൈയിലെ എംജിആര്‍ സര്‍വ്വകലാശാലയിലും ബംഗളൂരു ഐഎസ്ആര്‍ഓയിലും സഞ്ചരിച്ചും ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയാണ് ലോഗമണി. 2021 ല്‍ ഡിന്‍ഡിഗല്‍ വാനൊലി കല്‍വിയുടെ ബസ്റ്റ് ടീച്ചര്‍ പുരസ്‌കാരവും 2022 ല്‍ ഷില്ലോംഗ് എന്‍സിഇആര്‍ടിയില്‍ മികച്ച ഗവേഷണ പ്രബന്ധാവതരാക എന്ന ബഹുമതിയും ലോഗമണിക്ക് ലഭിച്ചു.

‘കൗമാരകല്യാണത്തെ എതിര്‍ത്ത് മണ്ണിലേക്കിറങ്ങിയ തന്റെ ഭാവി ,സൌന്ദരപാണ്ഡ്യന്‍ വന്ന് പഠനത്തിന് സമ്മതം മൂളി വിവാഹത്തിലെത്തിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് തനിക്കറിയില്ല ‘എങ്കിലും തന്റെ ജീവിതം മാറ്റിമറിച്ച തീരുമാനം അതായിരുന്നു എന്ന് ലോഗമണി ഓര്‍ക്കുന്നു. കൃത്യസമയത്ത് കൃത്യമായ നിലപാടെടുക്കുന്നവരെ വിജയിക്കുകയുള്ളു എന്ന് ലോഗമണി നമ്മെ പഠിപ്പിക്കുന്നു.