അകത്ത് ലിഫ്റ്റും കക്കൂസുമില്ലെങ്കില്‍ എങ്ങിനെ ആഡംബരമാകുമെന്നുള്ള അമ്പരപ്പേ മുഖ്യമന്ത്രിക്കുള്ളു

Articles

ചിന്ത / ഡോ: ആസാദ്

ഇല്ല , തമ്പ്രാന്മാര്‍ അങ്ങനെയാണ്. സാധാരണ ജനം യാത്ര ചെയ്യുന്ന വാഹനത്തില്‍ അവര്‍ യാത്ര ചെയ്യില്ല. അവര്‍ക്കെല്ലാം സ്‌പെഷല്‍ വേണം. കെ എസ് ആര്‍ ടി സി ബസ്സുകള്‍ വാടകയ്ക്കു കൊടുക്കുന്ന കാലമാണ്. അതു പോരാ. ടൂറിസ്റ്റ് ബസ്സുകളും പോരാ. പുതുതുതന്നെ വേണം. പുതു മണത്തിലും പുതുമോടിയിലും മാത്രമേ സഞ്ചരിക്കൂ. അത് വ്രതമാണ്. പണം പോയി പവറ് വരട്ടെ.

ബസ്സിനകത്ത് കക്കൂസു കാണും, ലിഫ്റ്റ് കാണും, സ്വിമ്മിംഗ്പൂള്‍ കാണും എന്ന് ഏതോ വിദ്വാന്‍ മുഖ്യമന്ത്രിക്കു വേണ്ട സൗകര്യങ്ങളെ കളിയാക്കി പറഞ്ഞു കാണും. മുത്തശ്ശി മാകള്‍ അതു വാസ്തവമെന്നു കരുതി വലിയ വാര്‍ത്തയാക്കി. അതാണ് ആഡംബരമെന്ന് വരുത്തി. അഞ്ചോ പത്തോ ലക്ഷം രൂപയില്‍ വാടകയ്‌ക്കെടുക്കാവുന്ന സൗകര്യത്തിന് ഒന്നരക്കോടി മുടക്കുന്നതാണ് ആഡംബരം എന്ന് എളുപ്പം മനസ്സിലാവുന്ന കാര്യമാണ്. എന്നാല്‍ അകത്ത് ലിഫ്റ്റും കക്കൂസുമില്ലെങ്കില്‍ എങ്ങനെ ആഡംബരമാകും എന്ന് അമ്പരക്കുകയാണ് മുഖ്യമന്ത്രി! അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരെ അകത്തേക്കു വിളിക്കുകയാണ്. ഒരു യാത്രയ്ക്കു മാത്രം ഒരു കോടിയിലേറെ രൂപയുടെ ബസ്സു വാങ്ങിയതില്‍പരം ധൂര്‍ത്ത് എന്തുണ്ട് എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യം ആരും കേട്ടില്ല. മൈക്ക് മുഖ്യമന്ത്രിയുടെ മുന്നിലായിരുന്നു.

യാത്രയ്ക്ക് ഹെലികോപ്റ്റര്‍ കൂടിയേ കഴിയൂ. സാമ്പത്തിക ദുരിതത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ പോകേണ്ടതില്ലേ? ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാന്‍ പറ്റുന്നില്ല. നെല്ലിനും തേങ്ങയ്ക്കും സംഭരണവില കൊടുക്കാന്‍ പറ്റുന്നില്ല. കെ എസ് ആര്‍ ടി സിക്ക് ശംബളമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്ല. അരിയറുകള്‍ ഒന്നുമില്ല. സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് കാശില്ല. എല്ലായിടത്തും സാമ്പത്തിക ക്ലേശം. വിലക്കയറ്റം രൂക്ഷം. പക്ഷേ, മന്ത്രിസഭ ഒന്നടങ്കം ആഘോഷത്തിമര്‍പ്പിലാണ്. പുതുവണ്ടിയില്‍ വിനോദ സഞ്ചാരത്തിലാണ്. 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പു കാലത്തെന്നപോലെ പോസ്റ്റര്‍ കട്ടൗട്ട് വസന്തം. അനധികൃത പിരിവുകള്‍. ആകെ ഉത്സവമയം.

ജനങ്ങള്‍ പൊറുതിമുട്ടി കഴിയുമ്പോള്‍ ഭരണകര്‍ത്താക്കള്‍ വിനോദസഞ്ചാരം നടത്തുന്നത് തെറ്റല്ല. കാരണം അവര്‍ വെറും സാധാരണജനമല്ല. ജനങ്ങളുടെ തമ്പ്രാക്കളാണ്. അധികാരികളാണ്. പൊറുതികേട് കാണാന്‍ ടൂറിസ്റ്റ് ബസ് നിര്‍മ്മിച്ച് ഊരു ചുറ്റാന്‍ ഇറങ്ങിയവരാണ്. മഞ്ചലിനു പിറകേ ഓ ഹോയ് ഓഹോയ് പാടി നടക്കാം ശിങ്കിടികള്‍ക്ക്. പിറകെ സ്തുതിപാടി നടക്കാം ഭക്തജനങ്ങള്‍ക്ക്. കേരളം മനോഹരം.