ജനുവരി 22 ല്‍ നിന്ന് 26 ലേക്ക് നാല് ദിവസങ്ങളുടെ ദൂരമേയുള്ളു, ചരിത്രത്തില്‍ അതിന് നൂറ്റാണ്ടുകളുടെ ദൂരമുണ്ട്

Articles

നിരീക്ഷണം /എ പ്രതാപന്‍

ഫാഷിസം എന്ന വാക്ക് യൂറോപ്പില്‍ ജനിച്ചു. പക്ഷേ അതിന് സാര്‍വ്വദേശീയ മാനങ്ങള്‍ ഉണ്ട്. അതു കൊണ്ടാണ് ഹിന്ദുത്വയുടെ ആദിപിതാക്കളില്‍ ഒരാളായ ബി.എസ്.മൂഞ്ചെ അതിനെ തേടി, ഇറ്റാലിയന്‍ ഗുരു മുസ്സോളിനിയുടെ അരികിലേക്ക് പോയത്. ആ സാര്‍വ്വദേശീയത അക്കാലത്ത് നാട്ടു നടപ്പായിരുന്നു. കമ്മ്യൂണിസം തേടി രാജേശ്വര റാവുവും ഡാങ്കേയും അജയ് ഘോഷും ബാസവ പുന്നയ്യയും മോസ്‌കോവിലേക്ക് സ്റ്റാലിനെ അന്വേഷിച്ചു പോയി.

1967 ല്‍ നക്‌സലൈറ്റുകളായ കനു സന്യാലും ഖോഖെന്‍ മജൂംദാരും ഖുദാന്‍ മല്ലിക്കും ദീപക് ബിശ്വാസും മാവോയിസം തേടി ചൈനയിലേക്ക് നടന്നു പോയി, മാവോയെ കണ്ടു. ഇവരെല്ലാം തിരികെ കൊണ്ടു വന്നത് യഥാര്‍ത്ഥ ഫാഷിസമണോ, യഥാര്‍ത്ഥ കമ്മ്യൂണിസമാണോ, യഥാര്‍ത്ഥ മാവോയിസമാണോ എന്ന കാര്യത്തില്‍ ഇതു വരേയും തീര്‍പ്പായിട്ടില്ല , ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ തുടരുന്നു. മുതലാളിത്തം മാത്രം നമ്മളെ അന്വേഷിച്ച് ഇങ്ങോട്ടു വന്നു, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ രൂപത്തില്‍ . അപ്പോഴും കൊളോണിയല്‍ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തെ കുറിച്ച്, അതിന്റെ കൂടി ഭാഗമായി ഉയര്‍ന്നു വന്ന ഇന്ത്യന്‍ ആധുനികതയെ കുറിച്ച് ഇനിയും ഒരു സമവായം ആയിട്ടില്ല.

ഫാഷിസം എന്ന വാക്ക് ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ എത്ര മാത്രം വിനിമയം ചെയ്യുന്നു എന്നറിയില്ല. ഒരു കാര്യം ഉറപ്പാണ്, ഒരു ശറലമഹ, ലക്ഷണയുക്ത മുതലാളിത്തത്തെയോ, കമ്മ്യൂണിസത്തെയോ, മാവോയിസത്തെയോ നമുക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ കാണാന്‍ കഴിയാത്തതു പോലെ , ഒരു ലക്ഷണയുക്ത ഇന്ത്യന്‍ ഫാഷിസത്തെയും നമ്മള്‍ ഒരിക്കലും കാണാന്‍ പോകുന്നില്ല. മറ്റൊരു കാലത്തിലും ദേശത്തിലും ഉയര്‍ന്നു വന്ന ചരിത്ര ശക്തികളെ കുറിക്കുന്ന സങ്കല്‍പനങ്ങള്‍, നമ്മുടെ ദേശത്തെ, കാലത്തെ , ചരിത്ര ശക്തികളുമായി ചേര്‍ത്തു വെച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്നത്തെ ചരിത്ര സാഹചര്യങ്ങളും നമ്മുടെ ദേശ സാഹചര്യങ്ങളും അവയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതായി വരും. പല പല താരതമ്യങ്ങളും ലഭ്യമാണ്, സാദ്ധ്യമാണ്. അതോടൊപ്പം തികച്ചും വ്യത്യസ്തമായ, പുതിയ കാര്യങ്ങളും കടന്നു വരുന്നു. അവ പലതും ഫാഷിസത്തെ കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകള്‍ക്ക് നിരക്കാത്തവയും ആയിരിക്കും. പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് ധാരണകള്‍ തിരുത്തേണ്ടി വരും , നമ്മുടെ ധാരണകള്‍ക്കനുസരിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ മാറുകയില്ല.

നമ്മുടെ ജാതി വ്യവസ്ഥ മതപരമായ വര്‍ഗ്ഗീയ ഏകീകരണത്തെ ചെറുക്കും എന്ന പ്രത്യാശയുണ്ടായിരുന്നു. മന്ദിറിനെ മണ്ഡല്‍ തടയും എന്നൊക്കെ . അത് തെറ്റാണെന്ന് തെളിഞ്ഞു. ജാതി ഭിന്നതകള്‍ കേന്ദ്രസ്ഥാനത്തേക്ക് വരുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഒരു ബാഹ്യ ശത്രുവിനെതിരെയുള്ള ഏകീകരണമായി സ്വയം ഉയര്‍ത്തി കാട്ടിയാണ് ഹിന്ദുത്വ അത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് അതിന്റെ ചരിത്രം പറഞ്ഞു തരുന്നു.

ജാതി ഘടന ഒരു മോചനവുമില്ലാത്ത അനന്തമായി ആവര്‍ത്തിക്കപ്പെട്ട ഉല്‍പാദന ശക്തികളുടെ പ്രത്യുല്‍പാദന യന്ത്രമായി പ്രവര്‍ത്തിച്ചു. ശ്രേണീകരിക്കപ്പെട്ട സാമൂഹ്യ ബന്ധങ്ങളെ ശാശ്വതവല്‍ക്കരിക്കുന്ന പ്രത്യയശാസ്ത്ര ബോധമായി വര്‍ത്തിച്ചു. അത് ഇടുങ്ങിയ , ശിഥിലീകരിക്കപ്പെട്ട ഒട്ടനവധി സാമൂഹ്യബോധങ്ങളെ നിര്‍മ്മിച്ചു. അപ്പാര്‍ത്തീഡ് കറുത്തവര്‍ക്കായി നിര്‍മ്മിച്ച പ്രത്യേക കോളനികള്‍ക്കും നാസികള്‍ ജൂതന്മാര്‍ക്കായി നിര്‍മ്മിച്ച ചേരികള്‍ക്കും (ഴവലേേീ) പകരം അത് ഇന്ത്യയിലെ ഓരോ മനുഷ്യരുടേയും മനസ്സിനുള്ളില്‍ വേലികള്‍ കെട്ടി. ആ വേലിക്കെട്ടുകള്‍ക്ക് പുറത്തുള്ള സകലതിനോടും നിസ്സംഗരായിരിക്കാന്‍ പരിശീലിപ്പിച്ചു. ഇന്ത്യന്‍ ജാതി ഘടനയുടെ ജീന്‍ ബാങ്കില്‍ നിന്ന് ഫാഷിസത്തിന് വീണ്ടെടുക്കാന്‍ അനവധിയുണ്ട്. ജാതി എന്നത് ഇന്ത്യയില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജനിതകമാണ്. അപരത്വത്തിന്റെ പരകോടിയില്‍ അത് നിര്‍മ്മിക്കുന്നു അന്യതയുടെ അനന്യശില്‍പം. സ്വന്തം അയല്‍ക്കാരന്‍ മരിച്ചു വീഴുമ്പോളും യാതൊരു കുറ്റബോധവുമില്ലാതെ നിസ്സംഗരായിരിക്കാന്‍ ഇന്ത്യന്‍ മനസ്സുകള്‍ക്ക് പ്രത്യേക പരിശീലനം ആവശ്യമില്ല. ജാതിയുടെ വിശ്വവിദ്യാലയത്തില്‍ ജനിക്കും മുമ്പേ എഴുത്തിനിരുന്നവരാണ് അവര്‍.

മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് പറയുകയുണ്ടായി, ഗ്രാംഷിയെ ആഴത്തില്‍ മനസ്സിലാക്കിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരല്ല, ആര്‍ എസ് എസ് ആണെന്ന് . ഇന്ത്യന്‍ ഭരണകൂടത്തെ നേരിട്ടുള്ള ആക്രമണത്തിലൂടെ (frontal assault) അല്ല അവര്‍ പിടിച്ചെടുക്കുന്നത് , അതിന്റെ ഉള്ളില്‍ കടന്ന് ഓരോ സ്ഥാപനങ്ങളെയും കാര്‍ന്നു തിന്നു കൊണ്ടാണ് അത് നടപ്പിലാക്കുന്നത്. നമ്മള്‍ പാര്‍ലിമെന്റും നിയമസഭകളും നോക്കിയിരിക്കുമ്പോള്‍ , അത് എണ്ണമറ്റ അധികാര സ്ഥാപനങ്ങളെ കാര്‍ന്ന് തിന്നു കഴിഞ്ഞിരിക്കുന്നു. അധികാരം ഒഴുകുന്നത് ആര്‍ട്ടറികളിലൂടെയും വെയിനുകളിലൂടെയുമല്ല, സൂക്ഷ്മ രക്തക്കുഴലുകളിലൂടെ (capillaries) ആണെന്ന് അതിന് നന്നായി അറിയാം.

അതിന്റെ അവസാനത്തെ കാല്‍വെപ്പുകള്‍ ആണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇത്തിരി വട്ടം മാത്രം കാണുകയും ഇത്തിരി വട്ടം മാത്രം ചിന്തിക്കുകയും ചെയ്യുന്ന ഈ അധോമുഖ വാമനന്മാര്‍ക്ക് പക്ഷേ മഹാ ബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താനുള്ള കരുത്തും ഉണ്ടെന്ന് നാം ഓര്‍ക്കുക.


ജനുവരി 22 ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണ്. ജനുവരി 22 ല്‍ നിന്ന് ജനുവരി 26 ലേക്ക് നാല് ദിവസങ്ങളുടെ ദൂരമേയുള്ളൂ. പക്ഷേ ചരിത്രത്തില്‍ അതിന് നൂറ്റാണ്ടുകളുടെ ദൂരമുണ്ട്. സങ്കുചിതമായ മതരാഷ്ട്രബോധത്തില്‍ നിന്ന് കുറേ കൂടി വിശാലമായ മതേതര ജനാധിപത്യ റിപ്പബ്ലിക്കിലേക്ക് മനുഷ്യരുടെ ചിന്ത നടന്നു പോയ വലിയ ദൂരമാണത്. മനുഷ്യര്‍ താണ്ടിയ ആ മഹാ ദൂരങ്ങളെ പിറകോട്ട് വലിക്കാനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. ചിന്തയുടെ ലോകത്തും ചിന്തക്ക് പുറത്തുള്ള ലോകത്തും അപനിര്‍മ്മാണം (റലരീിേെൃൗരശേീി) കഴിഞ്ഞ് ആസുരമായ നിര്‍മ്മിതിയുടെ മുഹൂര്‍ത്തങ്ങള്‍ വരുന്നു.
ഇന്ന് ഒരു വാക്കും നിഷ്‌ക്കളങ്കമല്ല. ഏതൊരു വാക്കും ഏതൊരു പ്രവര്‍ത്തിയും മറ്റെന്തോ ഭീകരമായ ഒന്നിനെ സൂചിപ്പിക്കുന്ന ഒന്നായി പെട്ടെന്ന് രൂപം മാറുന്നു.
ഒരു നൃത്തച്ചുവട്,
ഒരു പാട്ടിന്റെ വരി,
ഒരു മിന്നു കെട്ട്,
പ്രാര്‍ത്ഥനയുടെ ഒരു നിമിഷം ,
എല്ലാം എത്ര ആനന്ദത്തിന്റെ
മഹൂര്‍ത്തങ്ങളായിരുന്നു.
ദുരധികാരം എത്ര പെട്ടെന്നാണ് അവയെ
ഭീതിയുടെ മുഹൂര്‍ത്തങ്ങളായി
പരിവര്‍ത്തിപ്പിക്കുന്നത്?