നിരീക്ഷണം / എസ് ജോസഫ്
വര്‍ഗപരമായ നിലപാടായിരുന്നല്ലോ മാര്‍ക്‌സിസത്തിന്റേത്. സ്റ്റാലിനും ചെഷസ്‌ക്യൂവുമൊക്കെ ഭീകരരായ ഏകാധിപതികള്‍ ആയിരുന്നു. അങ്ങനെ ഗോര്‍ബച്ചേവ് പ്രതിഭാസത്തോടെ ലോകത്ത് 5 രാജ്യങ്ങളിലായി കമ്യൂണിസം ഒതുങ്ങി. അതോടെ സോഷ്യലിസ്റ്റ് സാമൂഹ്യക്രമവും തുല്യതയും ഇല്ലാതായി. ചൈനയിലും ഉത്തര കൊറിയയിലും സ്വേച്ഛാധിപത്യം ഇപ്പോഴും തുടരുന്നു. അവിടെ മാത്രമല്ല ഇറാന്‍ , പാകിസ്ഥാന്‍, സൗദി അറേബ്യ, ഇസ്രായേല്‍, പലസ്തീന്‍ എന്നിവിടങ്ങളും സ്വേച്ഛാധിപത്യത്തിലാണ്.
ലോകത്ത് നവലിബറല്‍ ക്യാപിറ്റലിസം പുതിയ ചൂഷണ രീതികളും നവ അടിമത്തവും നെക്രോ പൊളിറ്റിക്‌സും നടപ്പിലാക്കുന്നു. കമ്മ്യൂണിസ ത്തിലെ തൊഴിലാളി വര്‍ഗ്ഗം എന്ന സങ്കല്പന നവലിബറലിസത്തോടെ ചിതറിപ്പോയി. ആ സങ്കല്പന ( ഇീിരലു േ) അതിന്റെ ഉളളിലെ വൈരുദ്ധ്യങ്ങളെ പരിഗണിച്ചിരുന്നില്ല. ഹെഗലിയന്‍ ഡയലിറ്റിക്‌സിലുള്ള പ്രശ്‌നം തന്നെയാണിത്. തൊഴിലാളി / മുതലാളി എന്ന മുഖ്യ വൈരുദ്ധ്യം പോയി. പകരം പരമാധികാരം, നവലിബറല്‍, ക്യാപിറ്റലിസം, ഗ്ലോബലൈസേഷന്‍, സ്വകാര്യവല്‍ക്കരണം എന്നിവയുടെ ആധിപത്യമായി.
അവിടെ കറുത്തവര്‍ , ജിപ്‌സികള്‍, അഭയാര്‍ത്ഥികള്‍, കീഴ് ജാതി മനുഷ്യര്‍ , ഭാഷാ ന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, കൃഷിക്കാര്‍, ഭിക്ഷക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെയുള്ള അപര സമൂഹങ്ങള്‍ പുതിയ ഒരു തരം അരികു വല്‍ക്കരണത്തിന്റെ ഭാഗമായി. അവരെ ബയോ പൊളിറ്റിക്‌സ് , ബയോപവര്‍ . ബയര്‍ ലൈഫ് , മള്‍ട്ടിറ്റിയൂഡ് എന്നിങ്ങനെയുള്ള ഏറ്റവും പുതിയ രാഷ്രീയ ദര്‍ശനങ്ങളുടെ ഭാഗമായി കാണാം. അവര്‍ അംഗീകൃത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വെളിയിലാണ്. അവരുടെ കൂട്ടായ്മയാണ് പുതിയ രാഷ്ട്രീയ നൈതികതയായി കാണേണ്ടത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ഉണ്ടായ കര്‍ഷക സമരം ആണ് ശരിയായ അര്‍ത്ഥത്തില്‍ നവ രാഷ്ടീയം.
ബി.ജെ.പി ( ആര്‍ എസ്.എസ് ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ , കോണ്‍ഗ്രസ് പാര്‍ട്ടിയും മറ്റുളളവയും ഇക്കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തരല്ല. പക്ഷേ കവിതയുടെ രാഷ്ട്രീയം എന്നത് ഞാനീ പറഞ്ഞ ബയര്‍ ലൈഫിന്റേയും മള്‍ട്ടി റ്റിയൂഡിന്റെയും ഭാഗമാകുമ്പോഴാണ് ഏറ്റവും പുതുമയുള്ളതാകുന്നത്. നമ്മള്‍ കവികള്‍ അതാണ് ചര്‍ച്ച ചെയ്യേണ്ടത്. കവിതയില്‍ ഇനിയൊരു രാഷ്ട്രീയം അതാണ് എന്ന് ഞാന്‍ കരുതുന്നു.