ഭാര്യയെ കടലില്‍ മുക്കി കൊന്നു, ഭർത്താവ് അറസ്റ്റില്‍

Crime

ഗോവ: ഭാര്യയെ കടലില്‍ മുക്കി കൊന്ന ഭർത്താവ് അറസ്റ്റില്‍. ഗോവയിലെ ആഢംബര ഹോട്ടല്‍ മാനേജരായ ഗൗരവ് കട്ടിയാർ (29) ആണ് അറസ്റ്റിലായത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിലാണ് ഗൗരവ് ഭാര്യ ദിക്ഷ ഗംഗ്വാറിനെ കൊലപ്പെടുത്തിയത്. ലഖ്നൗ സ്വദേശികളാണ് ഗൗരവും ദിക്ഷയും. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം ഇയാള്‍ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഭാര്യ ചോദ്യം ചെയ്തിരുന്നു.

ഭാര്യയെ കടലില്‍ മുക്കി കൊലപ്പെടുത്തിയ ഇയാള്‍ ഇത് അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. പാറകള്‍ നിറഞ്ഞ കടൽ ഭാഗത്തേക്ക് ഭാര്യയെ എത്തിച്ച ശേഷം കടലില്‍ മുക്കി കൊല്ലുകയായിരുന്നു. ദമ്പതികള്‍ കടലില്‍ ഇറങ്ങുന്നത് കണ്ട ചില വിനോദസഞ്ചാരികള്‍ ബഹളമുണ്ടാക്കി. അല്‍പസമയം കഴിഞ്ഞ് ഗൗരവ് ഒറ്റയ്ക്ക് തിരിച്ചു വരുന്നത് കണ്ടതോടെ ഇവർ ചോദ്യം ചെയ്തപ്പോള്‍ ഭാര്യ കടലില്‍ അപകടത്തില്‍പെട്ടെന്നായിരുന്നു അവരോട് പറഞ്ഞത്. വൈകിട്ടോടെ ദിക്ഷയുടെ മൃതദേഹം കടല്‍തീരത്തു അടിഞ്ഞു. മൃതദേഹത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു.