തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഷോകളില്‍ ഒന്നായ സി ഇ എസ് 2024 ല്‍ പങ്കെടുത്ത് കേരളത്തിലെ ഐടി പാര്‍ക്കുകളിലെ ജിടെക് കമ്പനികള്‍. പത്ത് കമ്പനികളാണ് ജിടെക്കിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സി ഇ എസില്‍ പങ്കെടുത്തത്.
ആഗോള തലത്തില്‍ മികച്ച സാങ്കേതികവിദ്യകളും നൂതന ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന സി ഇ എസില്‍ കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്ക് ലഭിച്ചത് നെറ്റ്വര്‍ക്കിംഗിനും നിക്ഷേപ ലഭ്യതയ്ക്കുമുള്ള അവസരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), മൊബിലിറ്റി, സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കി.
മിറോക്‌സ് സൈബര്‍ സെക്യൂരിറ്റി ആന്റ് ടെക്‌നോളജി, ആക്‌സിയ ടെക്‌നോളജീസ്, ജിടെക്, എഡിഫൈ ഡാറ്റാ സയന്‍സ്, കോഡ്‌സ് ആപ്പ്, സ്പാര്‍ക്ക്‌സ് സപ്പോര്‍ട്ട് ഇന്‍ഫോടെക്, എയ്‌സ് മണി, ജോണ്‍ ആന്റ് സ്മിത്ത് സൊല്യൂഷന്‍സ്, എടീം സോഫ്റ്റ് സൊല്യൂഷന്‍സ്, സൂന്‍ഡ്യ എന്നീ കമ്പനികളാണ് കേരളത്തില്‍ നിന്ന് ജിടെക്കിന്റെ നേതൃത്വത്തില്‍ പങ്കെടുത്തത്.
കേരളം ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനികള്‍ക്ക് പുതിയ വിപണി നേടിയെടുക്കാനും നമ്മുടെ മികച്ച ഉത്പന്നങ്ങളെ ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സി ഇ എസ് 2024 ലൂടെ സാധിച്ചെന്ന് ജിടെക് സിഇഒ വിഷ്ണു നായര്‍ പറഞ്ഞു. യുഎസ് ഇന്ത്യ ഇംപോര്‍ട്ടര്‍ കൗണ്‍സിലുമായി (യുഎസ്‌ഐഐസി) സഹകരിച്ചാണ് ജിടെക് കമ്പനികളെ ഇതില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു
സി ഇ എസ് 2024 ല്‍ പങ്കെടുത്തതിലൂടെ നെറ്റ്വര്‍ക്കിംഗ്, മാര്‍ക്കറ്റിംഗ്, നിക്ഷേപ അവസരങ്ങള്‍, ആഗോള കമ്പനികളുമായുള്ള സഹകരണം എന്നിവ ഉറപ്പാക്കാനായെന്ന് യുഎസ്‌ഐഐസി യുടെ കേരളഘടകം പ്രസിഡന്റും മിറോക്‌സ് സൈബര്‍ സെക്യൂരിറ്റി സിഇഒയുമായ രാജേഷ് ബാബു പറഞ്ഞു. കേരളം ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ സാങ്കേതിക മേഖലയിലെ വളര്‍ച്ചയ്ക്കും നിക്ഷേപകരും കമ്പനികളും വ്യവസായ വിദഗ്ധരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സി ഇ എസിലെ പങ്കാളിത്തം സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന്‍ (സിടിഎ) 3.5 ദശലക്ഷത്തിലധികം ചതുരശ്ര അടി സ്ഥലത്ത് സംഘടിപ്പിച്ച എക്‌സ്‌പോയില്‍ 4,000ത്തിലധികം പേര്‍ പങ്കെടുത്തു. 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരും 1,200ലധികം സ്റ്റാര്‍ട്ടപ്പുകളും ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പുത്തന്‍ ഉത്പന്നങ്ങളും ട്രെന്‍ഡുകളും പ്രദര്‍ശിപ്പിച്ചു.
സംസ്ഥാനത്തെ ഐടി മേഖലയിലെ 80 ശതമാനത്തോളം വരുന്ന 300ലധികം ഐടി കമ്പനികളിലെ 1.50 ലക്ഷം പ്രൊഫഷണലുകളുടെ കൂട്ടായ്മയാണ് ജിടെക്. ഐ.ടി ടി സിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്‌നിസന്റ്, ഐബിഎസ് , യുഎസ് ടി, ഇവൈ, ടാറ്റ എല്‍ക് സി എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ഐടി കമ്പനികള്‍ ജിടെക്കിന്റെ ഭാഗമാണ്.