കാസര്‍കോട്: കുഴിമന്തിയല്ല അഞ്ജുശ്രീയുടെ മരണത്തിന് കാരണമെന്ന് വ്യക്തമായി. അഞ്ജുശ്രീ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തി. നേരത്തെ അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയിലും മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായിട്ടില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരും പോസ്റ്റുമോര്‍ട്ടം നടന്ന പരിയാരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ കോളെജില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്. അതേസമയം അഞ്ജുശ്രീക്കൊപ്പം ഭക്ഷണം കഴിച്ച മറ്റ് കുടുംബാംഗങ്ങള്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായ കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.