റിയാദ്: മദ്യത്തോടുള്ള നിലപാടില്‍ മാറ്റം വരുത്തി സൗദി അറേബ്യ. സൗദിയിലെ ആദ്യ മദ്യശാല തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചില വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും മദ്യ വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം വാങ്ങാനാകുകയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു. ഡിപ്ലോ(DIPLO) ആപ്പ് വഴിയാണ് മദ്യം വാങ്ങാനെത്തുന്നവരുടെ ആധികാരികത പരിശോധിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
ഇസ്ലാമിക മത മൂല്യങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന സൗദി അറേബ്യ മദ്യത്തെ നിഷിദ്ധമായാണ് കണ്ടിരുന്നത്. 1952 മുതല്‍ രാജ്യത്ത് മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം 21 വയസ്സിന് താഴെയുള്ളവരെ സ്‌റ്റോറില്‍ പ്രവേശിപ്പിക്കില്ല. സ്‌റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന നടത്തുക.
അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന മദ്യവില്‍പ്പന സ്‌റ്റോറുകള്‍ ഈ നീക്കത്തിന് മുന്നോടിയായാണ് കണക്കാക്കുന്നതെന്ന് സൗദി അറേബ്യന്‍ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.